അപസ്മാരത്തിന് സങ്കീർണ മസ്തിഷ്ക ശസ്ത്രക്രിയ: ബ്രെയിൻ ശസ്ത്രക്രിയയിൽ ശ്രദ്ധേയ നേട്ടവുമായി ഹമദ്
text_fieldsദോഹ: അതിസങ്കീർണമായ ബ്രെയിൻ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ചരിത്രം കുറിച്ച് ഹമദ് ജനറൽ ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം. അപസ്മാരം ബധിച്ച രോഗിയെ ബ്രെയിൻ മാപ്പിങ്ങിന് വിധേയമാക്കിയ ശേഷമാണ് ഇലക്േട്രാ എൻസെഫലോഗ്രഫി സാങ്കേതികവിദ്യയുടെ സഹായത്താൽ അപസ്മാരരോഗത്തിന് ശസ്ത്രക്രിയ നടത്തിയത്. ഖത്തറിൽ ഇതാദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ.
തലച്ചോറിൽ ശസ്ത്രക്രിയ ചെയ്യുന്നതിനായി തലയോടിെൻറ ഒരു ഭാഗം തുറന്ന് (ക്രാനിയോടമി) തലച്ചോറിനുള്ളിലേക്ക് ഇലക്േട്രാഡിനെ കടത്തിവിട്ടാണ് രോഗിയിലെ അസ്വാഭാവികമായ വൈദ്യുത തരംഗങ്ങളുള്ള ഭാഗം കണ്ടെത്തിയത്. ഇതേ സമയം സങ്കീർണമായ െബ്രയിൻ മാപ്പിങ്ങിനും രോഗിയെ വിധേയമാക്കി. മസ്തിഷ്കത്തിെൻറ ജൈവ സവിശേഷതകളും സ്വഭാവങ്ങളും അളവുകളും അടയാളപ്പെടുത്തുന്ന സാങ്കേതികവിദ്യയാണ് െബ്രയിൻ മാപ്പിങ്. വ്യക്തിയുടെ ചലനം, വികാരങ്ങൾ, സംസാരം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് തലച്ചോറിെൻറ ഏതു ഭാഗമാണ് പ്രവർത്തിക്കുന്നതെന്ന് ഇതിലൂടെ കണ്ടെത്താനാകും.
ഹമദ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച 25 വയസ്സുകാരിയായ തുനീഷ്യൻ വംശജയാണ് സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അപസ്മാരത്തിന് കാരണമാകുന്ന തലച്ചോറിനുള്ളിലെ ഭാഗം കണ്ടെത്തുകയും നീക്കം ചെയ്യുകയും ചെയ്തതായി ന്യൂറോസർജറി വിഭാഗം തലവനും ന്യൂറോസർജറി റെസിഡൻസി േപ്രാഗ്രാം മേധാവിയുമായ ഡോ. സിറാജുദ്ദീൻ ബെൽഖൈർ പറഞ്ഞു. 2017ൽ തലച്ചോറിനുള്ളിൽ സംഭവിച്ച രക്തസ്രാവമാണ് രോഗിയുടെ ആരോഗ്യസ്ഥിതി മാറ്റിയതെന്നും അതു കാരണം തലച്ചോറിനുള്ളിൽ രക്തയോട്ടവും ഓക്സിജൻ വിതരണവും കുറഞ്ഞതായും ഡോ. ബെൽഖൈർ ചൂണ്ടിക്കാട്ടി.
2019ൽ കടുത്ത അപസ്മാരരോഗിയായി മാറി. മരുന്നുകൾ ഫലിക്കാതായതോടെയാണ് ഹമദ് ജനറൽ ആശുപത്രിയിലെ സർജിക്കൽ വിഭാഗത്തിലേക്ക് മാറ്റിയത്്. വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ പരിശോധനക്കൊടുവിൽ ശസ്ത്രക്രിയ നടത്താമെന്ന നിഗമനത്തിലെത്തുകയായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടു ദിവസത്തിനു ശേഷം രോഗി ആശുപത്രി വിട്ടതായും സുഖം പ്രാപിച്ചു വരുന്നതായും സംഘത്തിലെ അംഗമായ ഡോ. ഗോൺസാലോ അലർകോൺ പറഞ്ഞു.
ഇത്തരം രോഗികൾക്ക് ഏറെ ആശ്വാസകരാണ് ഹമദ് ജനറൽ ആശുപത്രി ന്യൂറോ സർജറി വിഭാഗത്തിൻെറ ഈ നേട്ടം. രോഗികൾക്ക് അത്യാധുനിക ചികിത്സ ലഭ്യമാക്കുന്നതിൽ ഹമദ് മെഡിക്കൽ കോർപറേഷെൻറയും ഹമദ് ജനറൽ ആശുപത്രിയുടെയും പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമായതെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി പറഞ്ഞു.
ഹമദ് ജനറൽ ആശുപത്രിയിലെ ശസ്ത്രക്രിയാ രംഗത്ത് ഇതു പുതിയ നാഴികക്കല്ലാണെന്നും അപസ്മാര രോഗികൾക്ക് ജീവിതത്തിലേക്ക് തിരിച്ച് വരുന്നതിന് പുതിയ പ്രതീക്ഷ നൽകുന്നതാണ് ഇതെന്നും ഡോ. മസ്ലമാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

