'സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കിയത് സാങ്കേതിക സംവിധാനങ്ങളുടെ മികവിൽ'
text_fieldsദോഹ: കോവിഡ് മഹാമാരിയുടെ ഭീതിക്കിടയിൽ ലോകരാജ്യങ്ങളിൽ ഏറെയും സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങിയപ്പോൾ ഖത്തർ ഈ വെല്ലുവിളി മറികടന്നത് സാങ്കേതിക സംവിധാനങ്ങളുടെ കൂടി മികവിലെന്ന് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി. കഴിഞ്ഞ ദിവസം സമാപിച്ച ഖത്തർ സാമ്പത്തിക ഫോറത്തിൻെറ ഭാഗമായി നടന്ന 'ആരോഗ്യ അടിയന്തര സാഹചര്യങ്ങളിൽ ഇൻറർനെറ്റ്' എന്ന വിഷയത്തിലെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കോവിഡ് വെല്ലുവിളിയെ നൂതന സാങ്കേതിക വിദ്യകളുടെ മികവോടെ ഖത്തർ മറികടന്നതിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
'രാജ്യത്തെ പൊതുജനാരോഗ്യ മേഖലയെ മുഴുവൻ ഒരു കേന്ദ്രീകൃത സംവിധാനത്തിലൂടെ കണ്ണിചേർത്താണ് കോവിഡിനെതിരായ പോരാട്ടം ആരംഭിച്ചത്. മുഴുവൻ ആരോഗ്യ സംവിധാനങ്ങളും ഈ ശൃംഖലയുടെ ഭാഗമായി ഒറ്റ യൂനിറ്റായി പ്രവർത്തിച്ചു. ഇഹ്തിറാസ് ഉൾപ്പെടെയുള്ള അത്യാധുനിക നിരീക്ഷണസംവിധാനങ്ങളിൽ കാര്യമായ നിക്ഷേപം നടത്തി. കുറ്റമറ്റരീതിയിലെ ഇത്തരം പരിഷ്കാരങ്ങൾ കാരണം സമ്പൂർണ ലോക്ഡൗൺ ഒഴിവാക്കാൻ രാജ്യത്തിന് കഴിഞ്ഞു. മറ്റ് ലോകരാജ്യങ്ങൾ മാസങ്ങൾ നീണ്ട ലോക്ഡൗണിൽ കഴിഞ്ഞ കാലമായിരുന്നു ഖത്തർ ഈ വെല്ലുവിളിയെ മനോഹരമായി അതിജീവിച്ചത്' -ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി വ്യക്തമാക്കി.
ഇൻറർനെറ്റ് അധിഷ്ഠിത നൂതന സാങ്കേതികവിദ്യയിലെ നിക്ഷേപങ്ങൾ ആരോഗ്യമേഖലക്കും സാമ്പത്തികമേഖലക്കും ആത്മവിശ്വാസം പകരുന്നതായിരുന്നു. മഹാമാരിയെ നേരിടുന്നതിൽ തുടക്കംമുതലേ കൃത്യമായ ധാരണയും ദിശാബോധവും രാജ്യത്തിനുണ്ടായിരുന്നു. അധികംവൈകാതെ ഖത്തറിലും രോഗം റിപ്പോർട്ട് െചയ്യുമെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടുതന്നെയാണ് തയാറെടുത്തത്. ഇൻറർനെറ്റ് അധിഷ്ഠിത മേഖലയിലെ നിക്ഷേപം വലിയതായി തോന്നിയെങ്കിലും പിന്നീട് അതിൻെറ ഗുണഫലങ്ങൾ രാജ്യവും ജനങ്ങളും അനുഭവിച്ചുതുടങ്ങി -ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി പറഞ്ഞു.
കഴിഞ്ഞ 10-12 മാസത്തിനിടെ പരിശോധന ഉൾപ്പെടെയുള്ള മേഖലയിൽ മാറ്റമുണ്ടായതായി ജി.ഇ ഹെൽത്ത്കെയർ തലവൻ ഡോ. മത്യാസ് ഗോയൻ പറഞ്ഞു. മൊബൈൽ, വെർച്വൽ ആരോഗ്യമേഖലയിൽ ആളുകളുടെ സമീപനം മാറി. നേരിട്ട് ആശുപത്രിയിലെത്തിയും ഡോക്ടറെ കണ്ടും ചികിത്സതേടുന്നതിന് പകരം ഓൺലൈൻവഴി ടെലിമെഡിസിൻ സംവിധാനം പ്രചാരം നേടി. ഈ പ്രവണതകൾ വരുംകാലത്ത് ആരോഗ്യരംഗത്ത് കാര്യമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.