കമ്പനി രജിസ്ട്രേഷൻ ഇനി ഈസിയാണ്
text_fieldsസിംഗ്ൾ വിൻഡോ പ്ലാറ്റ്ഫോം
ദോഹ: പുതുസംരംഭകർക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കുന്ന ‘ഏകജാലകം’ കൂടുതൽ ലളിതമാക്കി ഖത്തർ. ഇനിയൊരു കമ്പനിയോ മറ്റോ തുടങ്ങാൻ ഓരോ ഓഫിസുകൾ കയറിയിറങ്ങണം എന്ന ആവശ്യമുണ്ടാവില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിതന്നെ നടപടികൾ പൂർത്തിയാക്കി കമ്പനി തുടങ്ങാനുള്ള സൗകര്യം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.
വിവിധ മന്ത്രാലയം ഓഫിസുകൾ കയറിയിറങ്ങിയും വ്യത്യസ്ത വെബ്സൈറ്റുകളിൽ രജിസ്റ്റർ ചെയ്തും നടപടികൾ പൂർത്തിയാക്കുന്നതിനു പകരം, എല്ലാം ലഭ്യമാവുന്ന ഏകജാലക സംവിധാനം ആവശ്യക്കാർക്ക് ഉപയോഗിക്കാം. വാണിജ്യ, വ്യവസായ മന്ത്രാലയം, തൊഴില്‍ മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ സംരംഭവുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം സിംഗ്ള്‍ വിന്‍ഡോയില്‍ ലഭിക്കും.
നിക്ഷേപമിറക്കാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് മന്ത്രാലയങ്ങൾ സന്ദർശിച്ച് നൂലാമാലകൾ തീർക്കുന്നതിന് പകരം, പുതിയ ഏകജാലക വെബ്സൈറ്റിലൂടെ ഒറ്റ ക്ലിക്കിലൂടെ എല്ലാ സേവനങ്ങളും ലഭ്യമാവുന്ന വിൻഡോയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ആരംഭിക്കാവുന്നതാണ്. ഒറ്റ ദിവസംകൊണ്ട് വാണിജ്യ രജിസ്ട്രേഷന് സ്വന്തമാക്കി ബിസിനസ് തുടങ്ങാം എന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം.
പൊതുജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് ബിന്‍ ജാസിം ആൽഥാനിയുടെ മാര്‍ഗനിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ ഏകജാലക സംവിധാനത്തിന് തുടക്കമിട്ടത്. പ്രാദേശിക, വിദേശ നിക്ഷേപകരെ ആകര്ഷിക്കാന്തക്കവിധം രാജ്യത്തിന്റെ ബിസിനസ് സാഹചര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് വാണിജ്യ, വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം അൽ അബ്ദുല്ല ആൽഥാനി പറഞ്ഞു.
നടപടിക്രമങ്ങൾ കൂടുതൽ ലളിതമാക്കി പ്രാദേശികവും വിദേശങ്ങളിൽനിന്നുള്ളതുമായ നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ഏകജാലക സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഒപ്പം, ഖത്തറിനെ മേഖലയിലെ ഏറ്റവും ആകർഷകമായി വ്യാപാരസൗഹൃദ ഇടമാക്കി മാറ്റുകയും ചെയ്യുന്നു -അദ്ദേഹം പറഞ്ഞു. തൊഴിൽ മേഖല വികസിപ്പിക്കുന്നതിലും മന്ത്രാലയത്തിന്റെ സേവനങ്ങൾ സുഗമമാക്കുന്നതിലും നൂതന സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് തൊഴിൽ മന്ത്രി ഡോ. അലി ബിൻ സ്മൈഖ് അൽ മർറി പറഞ്ഞു.
നടപടിക്രമങ്ങൾ സുതാര്യമാക്കുകയാണ് പുതിയ സംവിധാനം നടപ്പാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് നീതിന്യായ മന്ത്രി മസൂദ് ബിൻ മുഹമ്മദ് അൽ അംറി പറഞ്ഞു. കാലോചിതമായ മാറ്റങ്ങളിലൂടെ വ്യാപാരം ആരംഭിക്കാനുള്ള നടപടി ലളിതമാക്കുകയാണ് ലക്ഷ്യം. ഇതുവഴി രാജ്യത്തെ സാമ്പത്തിക വളർച്ചയിലേക്ക് നയിക്കാൻ സഹായകമാവും -അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന് നടപടികളിലെ സുതാര്യത വര്‍ധിപ്പിക്കുന്നതിനൊപ്പം നിയമപരമായവ ഉള്‍പ്പെടെയുള്ള ബിസിനസ് നടപടിക്രമങ്ങള്‍ സുഗമമാക്കുകയുമാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
കമ്പനിയുടെ കമ്പ്യൂട്ടര്‍ കാര്‍ഡ് രജിസ്ട്രേഷനുമായി ബന്ധിപ്പിക്കുക. രജിസ്ട്രേഷന്, ലേബര്‍ അപ്രൂവല്‍, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ഏകജാലകം ലിങ്ക്: https://investor.sw.gov.qa/wps/portal/investors/home/
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

