കരുതണം ഓൺലൈൻ തട്ടിപ്പ്; മുന്നറിയിപ്പുമായി ബാങ്കുകളും കമ്പനികളും
text_fieldsദോഹ: വിവരസാങ്കേതിക മേഖലയിലുണ്ടായ പുരോഗതി പ്രാദേശിക, ആഗോളാടിസ്ഥാനത്തിൽ ഒൺലൈൻ തട്ടിപ്പുകൾ വർധിക്കാൻ കാരണമായിട്ടുണ്ടെന്നും വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ കമ്പനികൾ. സൈബർ കുറ്റകൃത്യം ചെറുക്കുന്നതിൽ രാജ്യം പ്രാദേശികമായും ആഗോള തലത്തിലും മികച്ച ശ്രമം നടത്തുന്നു.
ഓൺലൈൻ അക്കൗണ്ടുകൾ സംരക്ഷിക്കുന്നതിനും സൈബർ കുറ്റകൃത്യം തടയുന്നതിനും പ്രയാസമേറിയ പാസ്വേഡുകൾ ഉപയോഗിക്കുകയും അവ ഇടക്കിടെ മാറ്റുകയും വേണം. സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുത്. അല്ലെങ്കിൽ അവയുടെ ഉറവിടം പരിശോധിക്കുന്നതിന് മുമ്പ് ലിങ്കുകളും അറ്റാച്മെന്റുകളും തുറക്കരുത്. സ്വകാര്യ വിവരങ്ങൾ അല്ലെങ്കിൽ ബാങ്ക് വിവരങ്ങൾ ചോദിച്ചുള്ള സന്ദേശങ്ങളോടും ഉറവിടങ്ങളറിയാത്ത ഫോൺകാളുകളോടും പ്രതികരിക്കരുതെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
ശക്തമായ പാസ്വേഡുകൾ തിരഞ്ഞെടുത്ത്, നിരന്തരം അവ മാറ്റിക്കൊണ്ട് ഒൺലൈൻ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇത് ആളുകളെ പ്രേരിപ്പിച്ചു. വിവിധ ആശയവിനിമയ മാർഗങ്ങളിൽ വ്യാജ സന്ദേശം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് വാർത്ത വിനിമയ മന്ത്രാലയം ഈയിടെ ട്വിറ്ററിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങളും വിശദാംശങ്ങളും പങ്കുവെക്കരുതെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ‘നിങ്ങളുടെ വിവരങ്ങൾ നിങ്ങൾതന്നെ അപകടത്തിലാക്കരുത്. പബ്ലിക് വൈഫൈ നെറ്റ് വർക്കുകൾ ജാഗ്രതയോടെ ഉപയോഗിക്കുക.
പബ്ലിക് വൈഫൈ സുരക്ഷിതമായി ഉപയോഗിക്കുന്നത് അറിഞ്ഞിരിക്കണം’-മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത്തരം തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ട് ബാങ്കുകളും രംഗത്തു വന്നു. തന്ത്രപ്രധാന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെക്കരുത്. കമ്പ്യൂട്ടറുകളിലും സ്മാർട്ട്ഫോണുകളിലും ബാങ്കിങ് നടക്കുന്നതിനാൽ ജാഗ്രത പാലിക്കണം. സാങ്കേതികവിദ്യ പുരോഗമിച്ചത് ഓൺലൈൻ തട്ടിപ്പ് വർധിക്കാൻ കാരണമായെന്നും ബാങ്കുകൾ ഓർമിപ്പിക്കുന്നു.
വെബ്സൈറ്റിന്റെ നിയമസാധുതയെക്കുറിച്ചും സുരക്ഷ നിലവാരത്തെക്കുറിച്ചും ബോധ്യമാകുന്നത് വരെ ഒരിക്കലും സ്വകാര്യ വിവരങ്ങൾ പങ്കുവെക്കരുതെന്ന് അഹ്ലി ബാങ്ക് ആവശ്യപ്പെട്ടു. വഞ്ചന, തട്ടിപ്പ്, ആൾമാറാട്ടം എന്നിവ നേരിടുന്നതുമായി ബന്ധപ്പെട്ടും ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ടും മസ്റഫ് അൽ റയ്യാൻ അടുത്തിടെ ട്വീറ്റ് ചെയ്തിരുന്നു. തട്ടിപ്പ് തടയാനുള്ള മികച്ച മാർഗം നിങ്ങളുടെ കൈകളിൽതന്നെയാണെന്ന തലക്കെട്ടിൽ കമേഴ്സ്യൽ ബാങ്ക് ഉപഭോക്താക്കൾക്ക് ഈയിടെ ഇ-മെയിൽ അയച്ചിരുന്നു. ഉപഭോക്താക്കളുടെ മൊബൈൽ ആപ്പിൽ അധിക സുരക്ഷക്കായി സി.ബി സേഫ് ഐ.ഡിയും അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

