വരുന്നു... മൊബൈൽ മാച്ച് ടിക്കറ്റ്
text_fieldsദോഹ: ലോകകപ്പിന് മാച്ച് ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ആരാധകർക്ക് ടിക്കറ്റിങ് ആപ്ലിക്കേഷനുമായി ഫിഫ. ഒക്ടോബർ രണ്ടാം വാരത്തോടെ ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ആപ് ഡൗൺലോഡ് ചെയ്തശേഷം, കാണികൾക്ക് തങ്ങൾ സ്വന്തമാക്കിയ മാച്ച് ടിക്കറ്റുകൾ അപ്ലോഡ് ചെയ്ത് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് ഉപയോഗിക്കാവുന്നതാണെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിന് മാനദണ്ഡമാവുന്ന ഹയാ കാർഡിനു പുറമെയാണ് ഫിഫ മാച്ച് ടിക്കറ്റ് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പർ ഉപയോഗിച്ച് ആപ്പിൽ ടിക്കറ്റ് ഡിജിറ്റലാക്കി മാറ്റാം.
വിദേശ കാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റായും ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങളിലെ സൗജന്യ യാത്രാ പെർമിറ്റായും മാറുന്ന ഹയാ കാർഡ് ഖത്തർ അധികൃതരുടെ നിയന്ത്രണത്തിലുള്ളതാണ്. ലോകകപ്പിലേക്കുള്ള കാത്തിരിപ്പുദിനങ്ങൾ കുറഞ്ഞുവരവേ ടിക്കറ്റ് സ്വന്തമാക്കിയവർ ഉടൻ ഹയാ കാർഡിന് അപേക്ഷിക്കണമെന്ന് സംഘാടകർ ഓർമിപ്പിച്ചു.
ടിക്കറ്റ് വിൽപനയുടെ അവസാന ഘട്ടത്തിന് ചൊവ്വാഴ്ച ഉച്ചയോടെയാണ് തുടക്കംകുറിച്ചത്. ഫൈനൽ ദിനമായ ഡിസംബർ 18 വരെ ടിക്കറ്റുകൾ ലഭ്യമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

