കളർഫുളായി ഖലീഫ സ്റ്റേഡിയം
text_fieldsമെക്സികൻ പതാകയിൽ ഷെറാട്ടൺ ഹോട്ടൽ
ദോഹ: ഖത്തറിെൻറ ചരിത്ര പ്രതീകങ്ങളെല്ലാം മെക്സികൻ പതാകയിലെ നിറങ്ങളാൽ തിളങ്ങി. ഖലീഫ സ്റ്റേഡിയവും അരികിലെ ടോർച്ച് ടവറും കോർണിഷിലെ ഷെറാട്ടൺ ഹോട്ടലും തുടങ്ങി നഗരത്തിെൻറ വിവിധ കോണുകൾ മെക്സികോയുടെ നിറംകൊണ്ടു ജ്വലിച്ചു. വടക്കൻ അമേരിക്കൻ രാജ്യത്തിെൻറ 211ാം സ്വാതന്ത്ര്യദിനത്തിലായിരുന്നു ഖത്തർ വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കിയത്. ഫുട്ബാളിനെ നെഞ്ചേറ്റുന്ന സമൂഹത്തെ ഖത്തർ വേദിയാവുന്ന വിശ്വമേളയിലേക്ക് സ്വാഗതം ചെയ്യുന്നതിെൻറകൂടി ഭാഗമായാണ് ഈ നീക്കം.
ലോകകപ്പിന് തങ്ങളുടെ കൗണ്ട്ഡൗണിന് തുടക്കമായി എന്നായിരുന്നു ഖത്തറിലെ മെക്സികൻ അംബാസഡർ ഗ്രേസിയേല ഗോമസ് ഗ്രേഷ്യ പറഞ്ഞത്. 'ഖത്തറിെൻറ ചരിത്ര പ്രതീകങ്ങൾ കൂടിയായ ഖലീഫ സ്റ്റേഡിയവും ടോർച്ച് ടവറും ഷെറാട്ടൺ ഹോട്ടലും ആദ്യമായി മെക്സികൻ നിറങ്ങളിൽ തിളങ്ങി. ഞങ്ങളുടെ രാജ്യത്തിനും ഖത്തറിലെ മെക്സികൻ ജനതക്കും ലഭിച്ച ആദരവാണിത്. ഈ അമൂല്യ സമ്മാനത്തിന് നന്ദി' -മെക്സികൻ അംബാസഡർ പറഞ്ഞു.
അടുത്തവർഷം ലോകത്തിെൻറ ശ്രദ്ധകേന്ദ്രമാവുന്ന രാജ്യമാണ് ഖത്തർ. ഈ മണ്ണിൽ ഞങ്ങളുടെ ദേശീയ ടീം മികച്ച പ്രകടനം നടത്തുമെന്നുറപ്പുണ്ട്. ഈ രാത്രിയോടെ ഞങ്ങളുടെ ലോകകപ്പ് കൗണ്ട് ഡൗൺ ആരംഭിച്ചു. 2022ലേക്ക് മെക്സികോയിലെ ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുകയാണ് -ഗോമസ് പറഞ്ഞു.
ലോകമെങ്ങും ഫുട്ബാൾ മേളകളുയരുേമ്പാൾ ഗാലറിയിലെ ശ്രദ്ധേയ കാഴ്ചയാണ് മെക്സികൻ ആരാധകർ. ഖത്തർ ലോകകപ്പിനും സംഘാടകർ ഈ ആരാധക കൂട്ടങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്.