ഖത്തറിലെ ഫലസ്തീനികളെ സന്ദർശിച്ച് കൊളംബിയൻ പ്രസിഡന്റ്
text_fieldsദോഹയിലെത്തിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ഫലസ്തീൻ കുട്ടികൾക്കൊപ്പം
ദോഹ: ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ഖത്തറിലെത്തിയ കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ, ഗസ്സയിൽ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിലുള്ള ഫലസ്തീനികളെ സന്ദർശിച്ചു. ഖത്തർ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നാദ് കൊളംബിയൻ പ്രസിഡന്റിനെ സ്വീകരിച്ചു. ഖത്തറിൽ ചികിത്സയിൽ കഴിയുന്ന ഫലസ്തീനികൾക്ക്, പ്രത്യേകിച്ചും ഗസ്സയിൽ നിന്നുള്ളവർക്ക് നൽകുന്ന ആരോഗ്യ സേവനങ്ങൾ, മാനസിക പിന്തുണ, പുനരധിവാസം, വിദ്യാഭ്യാസ പിന്തുണ എന്നിവയുൾപ്പെടെയുള്ള പ്രധാന സേവനങ്ങളെക്കുറിച്ച് മന്ത്രി മർയം അൽ മിസ്നദ് കൊളംബിയൻ പ്രസിഡന്റ് മുമ്പാകെ വിശദീകരിച്ചു.
ഫലസ്തീനികളെ പിന്തുണക്കുന്നതിൽ ഖത്തർ നടത്തുന്ന ശ്രമങ്ങളെ കൊളംബിയൻ പ്രസിഡന്റ് അഭിനന്ദിക്കുകയും, ഗസ്സ മുനമ്പ് പുനർനിർമിക്കുന്നതിനുള്ള സഹകരണം വർധിപ്പിക്കേണ്ടതിന്റെയും എല്ലാ മാനുഷിക ശ്രമങ്ങളും കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെയും ആവശ്യകതകളും ഊന്നിപ്പറഞ്ഞു.
2023 ഒക്ടോബർ ഏഴിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയുടെ നിർദേശത്തെ തുടർന്ന് പരിക്കേറ്റ 1500ലേറെ ഫലസ്തീനികളെയാണ് ഖത്തറിലെത്തി ചികിത്സ ഉറപ്പാക്കിയത്. ചികിത്സക്കായി ഖത്തറിലെത്തിയ ഗസ്സയിലെ ജനങ്ങൾക്ക് ആരോഗ്യ, വൈദ്യ സേവനങ്ങൾ ഉൾപ്പെടെ ഖത്തർ നൽകുന്ന പിന്തുണ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്നും കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ചൂണ്ടിക്കാട്ടി. സന്ദർശനത്തിനിടെ ചികിത്സയിൽ കഴിയുന്ന നിരവധി ഫലസ്തീൻ കുട്ടികളുമായും കുടുംബങ്ങളുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

