ജറൂസലമിൽ കൊളംബിയൻ എംബസി; തീരുമാനം പിൻവലിക്കണമെന്ന് അറബ് -ഇസ്ലാമിക രാജ്യങ്ങൾ
text_fieldsദോഹ: ജെറുസലേമിൽ കൊളംബിയൻ എംബസി തുറന്ന നടപടിയെ പൂർണ്ണമായി തള്ളിക്കളഞ്ഞ് ഖത്തർ അടക്കമുള്ള അറബ് -ഇസ്ലാമിക രാജ്യങ്ങൾ. സംഭവത്തിൽ പ്രതിഷേധിച്ച് അറബ് -ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
ഖത്തറിന് പുറമേ, അൽജീരിയ, ജിബൂട്ടി, ഈജിപ്ത്, ഇന്തോനേഷ്യ, ജോർഡാൻ, കുവൈത്ത്, ലബനൻ, ലിബിയ, മലേഷ്യ, ഒമാൻ, ഫലസ്തീൻ, സൗദി അറേബ്യ, സൊമാലിയ, സുഡാൻ, സിറിയ, തുർക്കിയ, യെമൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കൊളംബിയയുടെ നീക്കം ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെ ലംഘനമാണ്. ഇത് ദ്വിരാഷ്ട്ര പരിഹാരത്തിൽ ഊന്നിയുള്ള ഫലസ്തീനിലെ സമാധാന ശ്രമങ്ങളെ തകർക്കുന്നതാണ്. അധിനിവിഷ്ട ജെറുസലേമിന്റെ ചരിത്രപരമായ പദവി ഇല്ലാതാക്കാനോ, അതിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കാനോ ഉള്ള ഏത് നടപടിയെയും അംഗീകരിക്കാനാകില്ലെന്നും മന്ത്രിമാർ വ്യക്തമാക്കി. 1967-ൽ ഇസ്രായേൽ കൈയേറിയ ഫലസ്തീൻ പ്രദേശത്തിന്റെ ഭാഗമാണ് ജെറുസലേം. യു.എൻ സുരക്ഷാ കൗൺസിലിൽ പ്രമേയങ്ങൾക്ക് അനുസൃതമാണ് ഈ നിലപാടെന്നും മന്ത്രിമാർ ഓർമ്മിപ്പിച്ചു.
കൊളംബിയയുടെ തീരുമാനം പുനഃപരിശോധിക്കണമെന്നും അടിയന്തരമായി പിൻവലിക്കണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കാനും കിഴക്കൻ ജെറുസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുമുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളിൽ നിന്ന് പിന്മാറാനും മന്ത്രിമാർ ആഹ്വാനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

