കോളജ് സ്പോർട്സ് ഫെഡറേഷൻ രൂപവത്കരിച്ചു
text_fieldsഖത്തർ കൊളീജിയറ്റ് സ്പോർട്സ് ഫെഡറേഷൻ ഭാരവാഹികൾ
ദോഹ: കലാലയങ്ങളിൽ കായിക സംസ്കാരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തർ കൊളീജിയറ്റ് സ്പോർട്സ് ഫെഡറേഷന് തുടക്കം കുറിച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റിക്കു കീഴിലാണ് രാജ്യത്തെ കോളജുകളിലെ കായിക മേഖലയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ക്യു.സി.എസ്.എഫ് പ്രവർത്തിക്കുക. ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ഫെഡറേഷൻ ഉദ്ഘാടനം നിർവഹിച്ചു. ഡോ. ഇബ്രാഹിം അൽ നഈമി പ്രസിഡന്റും റാഷിദ് സാഇദ് അദിബ ജനറൽ സെക്രട്ടറിയുമായാണ് കൊളീജിയറ്റ് സ്പോർട്സ് ഫെഡറേഷൻ പ്രാവർത്തികമായത്.
കോളജ് വിദ്യാർഥികൾക്ക് കായിക മികവിന് അടിസ്ഥാനം കുറിക്കുന്നതിനായി ക്യൂ.സി.എസ്.എഫ് പ്രവർത്തനമാരംഭിക്കാൻ പിന്തുണ നൽകിയ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, സെക്രട്ടറി ജനറൽ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ എന്നിവർക്ക് നന്ദി അറിയിക്കുന്നതായി ഡോ. ഇബ്രാഹിം അൽ നഈമി പറഞ്ഞു. കോളജ് വിദ്യാർഥികൾക്ക് വിവിധ കായിക ഇനങ്ങളിൽ മത്സരിക്കാൻ അവസരം നൽകുകയും അവരെ രാജ്യാന്തര തലത്തിൽ ഖത്തറിന്റെ പ്രതിനിധാനംചെയ്ത് പങ്കെടുപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഏതാനും സ്പോർട്സ് ഇനങ്ങളിലാണ് ശ്രദ്ധ നൽകുക. ശേഷം, കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തി വിപുലമാക്കും. വിവിധ സർവകലാശാലകൾ, വിവിധ സ്പോർട്സ് ഫെഡറേഷനുകൾ എന്നിവർ ഉൾപ്പെടുന്നതാണ് ക്യൂ.സി.എസ്.എഫ് ബോർഡ്.
ഫുട്ബാൾ, ത്രീ -ത്രീ ബാസ്കറ്റ്ബാൾ, ബീച്ച് വോളിബാൾ, അത്ലറ്റിക്സ്, നീന്തൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുന്നത്. ഖത്തർ യൂനിവേഴ്സിറ്റി, ദോഹ കോളജ്, ഖലീഫ യൂനിവേഴ്സിറ്റി എന്നിവ ഇതിനകം പങ്കാളികളായി കഴിഞ്ഞു. ഇന്റർനാഷനൽ യൂനിവേഴ്സിറ്റി സ്പോർട്സ് ഫെഡറേഷന്റെ അംഗീകാരത്തിനായി അപേക്ഷിച്ചതായും ഉടൻ അനുമതി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

