31 ഇടങ്ങളിൽ സകാത് ശേഖരണം
text_fieldsദോഹ: റമദാനിൽ രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്നും സകാത് ഫണ്ടുകൾ ശേഖരിക്കാൻ സംവിധാനമൊരുക്കി ഇസ്‍ലാമിക മതകാര്യ മന്ത്രാലയത്തിനു കീഴിലെ സകാത് വിഭാഗം. മാളുകൾ, മാർക്കറ്റുകൾ, ഷോപ്പിങ് കോപ്ലക്സ് ഉൾപ്പെടെ 31 സ്‍ഥലങ്ങളിലാണ് സകാത് കളക്ഷൻ പോയന്റുകൾ സ്ഥാപിച്ചത്. ഇതിനു പുറമെ, ആപ്ലിക്കേഷൻ വഴി ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും സകാത് ഫണ്ട് സ്വീകരിക്കാൻ സംവിധാനമൊരുക്കി. കൂടുതൽ പേരും റമദാനിൽ തങ്ങളുടെ സകാത് വിഹിതം കണക്കാക്കി നൽകുന്നതിനാൽ, സ്വീകരിക്കാൻ എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയതായി സകാത് കാര്യ ഡയറക്ടറ സഅദ ഇമ്രാൻ അൽ കുവാരി പറഞ്ഞു.
സകാത് വിഭാഗം ബ്രാഞ്ച് ഓഫീസുകൾ, ഷോപ്പിങ് കോപ്ലക്സുകൾ, മാർക്കറ്റ്, ബാങ്ക് ട്രാൻസ്ഫർ, ഹുകൂമി ഇ ഗവൺമെന്റ് പോർട്ടൽ എന്നിവടങ്ങൾ വഴി സ്വീകരിക്കുന്നതാണ്. രാവിലെ ഒമ്പത് മുതൽ ഉച്ച രണ്ടു വരെയും, രാത്രി എട്ട് മുതൽ 11 വരെയും കേന്ദ്രങ്ങൾ പ്രവർത്തിക്കും. 15 ബ്രാഞ്ച് ഓഫീസുകളും, 16 കളക്ഷൻ പോയന്റുകളുമായാണ് ക്രമീകരിച്ചത്.
അൽ വക്റ, അൽ ദഫ്ന, അൽ സദ്ദ്, അൽ വഅബ്, അൽ റയാൻ, അൽ ഷമാൻ, അൽ ഖോർ, അൽ മുൻതസ കൊമേഴ്ഷ്യൽ സ്ട്രീറ്റ്, മതാർ, സലാത അൽ ജദിദ, മദിന ഖലീഫ (നോർത്ത് -സൗത്ത്), ബിൻ ഉംറാൻ അൽമീര ബ്രാഞ്ച്, അൽ നസിരിയ എന്നിവടങ്ങളിൽ ശേഖരണം നടക്കും. മാൾ ഓഫ് ഖത്തർ, വില്ലാജിയോ, ദാർ അൽ സലാം മാൾ, അൽ റയാൻ ഫാമിലി ഫുഡ്സെന്റർ, അൽ ഗറാഫ ലുലു ഹൈപ്പർമാർകറ്റ്, തവാർ മാൾ, അൽ മീര ബനി ഹജർ, ദി മാൾ, ലാൻഡ്മാർക്, സിദ്ര മാൾ എന്നിവടങ്ങളിലും സംവിധാനമുണ്ട്. വരുമാനത്തിന്റെ തോത് അനുസരിച്ച് സകാത് കണക്കാക്കാൻ 44700071, 55188887, 55188889 നമ്പറുകളിൽ ഹോട്ലൈൻ സേവനവും ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

