ഖത്തറിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾക്ക് തുടക്കമായി
text_fieldsദോഹ: ഖത്തറിൽ വർഷത്തിലെ ഏറ്റവും തണുപ്പുള്ള ദിവസങ്ങൾക്ക് തുടക്കമായി. ഏറ്റവും തണുപ്പുള്ള ‘ബർദ് അൽ അസരിഖ്’ ജനുവരി 24ന് തുടങ്ങിയതായി ഖത്തർ കലണ്ടർ ഹൗസ് (ക്യു.സി.എച്ച്) അധികൃതർ അറിയിച്ചു. ബർദ് അൽ അസരിഖ് എട്ടുദിവസം നീണ്ടുനിൽക്കുന്നതിനാൽ ജനുവരി അവസാനംവരെ രാജ്യത്ത് അതിശൈത്യ കാലാവസ്ഥ അനുഭവപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യു.സി.എച്ച് വ്യക്തമാക്കി. ‘അൽ അസരിഖ്/അസ്റഖ്’ എന്നാൽ നീല എന്നാണർഥം. തണുപ്പിന്റെ കാഠിന്യം കാരണം മുഖങ്ങളും കൈകാലുകളും നീലയായി കാണപ്പെടുന്നു എന്നതിനാലാണ് ശൈത്യകാലത്ത് ഏറ്റവും തണുപ്പുള്ള സീസൺ ബർദ് അൽ അസരിഖ് എന്ന പേരിൽ അറിയപ്പെടുന്നത്.
കഴിഞ്ഞ കുറച്ചാഴ്ചകളായി രാജ്യത്ത് തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാത്രിയിൽ താപനില 12 ഡിഗ്രി സെൽഷ്യസും പകൽ 18 ഡിഗ്രി സെൽഷ്യസുംവരെ എത്തി.
വരുംദിവസങ്ങളിൽ താപനിലയിൽ ഇനിയും കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ കാലാവസ്ഥ അപ്ഡേറ്റ് അനുസരിച്ച് അൽശഹാനിയ പ്രദേശത്ത് രേഖപ്പെടുത്തിയ കുറഞ്ഞ താപനില 13 ഡിഗ്രി സെൽഷ്യസാണ്.