ക്ലബ് ലോകകപ്പ് : ജപ്പാൻ പിൻവാങ്ങി; ഖത്തറിന് സാധ്യത
text_fieldsദോഹ: ഡിസംബറിൽ നടക്കേണ്ട ഫിഫ ക്ലബ് ലോകകപ്പ് ആതിഥേയ പദവിയിൽ നിന്നും ജപ്പാൻ പിൻവാങ്ങിയതോടെ ഖത്തറിന് തുടർച്ചയായി മൂന്നാം തവണയും വേദിയൊരുക്കാൻ വഴിയൊരുങ്ങുന്നു. കോവിഡിൻെറ പശ്ചാത്തലത്തിലാണ് ജപ്പാൻ, ക്ലബ് ഫുട്ബാൾ ലോകകപ്പിന് വേദിയൊരുക്കാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ഫിഫയെ അറിയിച്ചത്. ഇതോടെ, പുതിയ വേദി അന്വേഷിക്കുന്ന ലോക ഫുട്ബാൾ ഫെഡറേഷന് മുന്നിലെ ആദ്യ പേര് ഖത്തറാണെന്ന് സൂചന. അടുത്തവർഷത്തെ ലോകകപ്പിനുള്ള ഒരുക്കങ്ങളെല്ലാം നവംബറോടെ പൂർത്തിയാക്കുന്ന ഖത്തറിന് അനായാസം ക്ലബ് ലോകകപ്പിനും വേദിയൊരുക്കാമെന്ന പ്രതീക്ഷയിലാണ് ഫുട്ബാൾ ലോകം. കോവിഡ് പശ്ചാത്തലത്തിൽ ജപ്പാനിലെ ആരോഗ്യ വകുപ്പിൻെറ കടുത്ത നിയന്ത്രണങ്ങൾ ക്ലബ് ലോകകപ്പിൻെറ സംഘാടനത്തെ ബാധിക്കുമെന്നാണ് ജപ്പാൻ അറിയിച്ചത്. പകരം വേദി എന്ന നിലയിൽ ഖത്തറിനാണ് മുൻഗണനയെന്ന് ബ്രിട്ടീഷ് പത്രമായ ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവർഷവും ഡിസംബറിൽ നടക്കുന്ന ക്ലബ് ലോകകപ്പ്, 2020ൽ കോവിഡ് കാരണം മാറ്റിവെച്ചിരുന്നു. പിന്നീട്, 2021 ഫെബ്രുവരിയിൽ ഖത്തറിൽ വെച്ചാണ് നടന്നത്.
ആരോഗ്യ സുരക്ഷയോടെ, 30 ശതമാനം കാണികൾക്ക് പ്രവേശനം നൽകിയായിരുന്നു ടൂർണമെൻറ് നടന്നത്. ജർമൻ ക്ലബ് ബയേൺ മ്യുണിക് ജേതാക്കളായി. 2019 സീസണിലെ ലോകകപ്പിനും ഖത്തറായിരുന്നു വേദി. അതേസമയം, നവംബർ 30 മുതൽ ഡിസംബർ 18 വരെ ഖത്തറിലെ ലോകകപ്പ് വേദികളിൽ ഫിഫ അറബ് കപ്പ് നടക്കുന്നതിനാൽ ക്ലബ് ലോകകപ്പിൽ തീയതി മാറ്റം അനിവാര്യമാവും. അറബ് കപ്പ് മത്സരങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ ഖത്തറിന് ക്ലബ് ലോകകപ്പിന് വേദിയൊരുക്കാൻ കഴിയൂ.