ലുലു ഹൈപ്പർമാർക്കറ്റ് ‘ഷോപ് ആൻഡ് ഡൊണേറ്റ്’പദ്ധതിക്ക് തുടക്കം
text_fieldsലുലു ഹൈപ്പർമാർക്കറ്റും ഖത്തർ ചാരിറ്റിയും 'ഷോപ് ആൻഡ് ഡൊണേറ്റ്' പദ്ധതിയുടെ
ഭാഗമായുള്ള കരാറിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: മാനുഷിക സേവനരംഗത്തെ സഹകരണം ഉറപ്പാക്കി ലുലു ഹൈപ്പർമാർക്കറ്റും ഖത്തർ ചാരിറ്റിയും കൈകോർക്കുന്നു. നന്മ നിങ്ങളിൽനിന്ന് തുടങ്ങുന്നു -എന്ന പ്രമേയത്തിൽ ഖത്തർ ചാരിറ്റി നടത്തുന്ന റമദാൻ കാമ്പയിന്റെ ഭാഗമായുള്ള 'ഷോപ് ആൻഡ് ഡൊണേറ്റ്' പദ്ധതിക്ക് ലുലു ഹൈപ്പർമാർക്കറ്റിൽ തുടക്കം കുറിച്ചു. റമദാൻ മാസത്തിന് മുന്നോടിയായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഖത്തർ ചാരിറ്റിയുടെ 'ചാരിറ്റി പാർട്ണർ' പ്രോഗ്രാമിലെ പ്രധാന അംഗമെന്ന നിലയിൽ ലുലുവിന്റെ പങ്കാളിത്തം കരാറിലൂടെ ശക്തമാകും. തുടർച്ചയായി ഒമ്പതാം വർഷമാണ് ലുലു ഹൈപ്പർമാർക്കറ്റും ഖത്തർ ചാരിറ്റിയും പദ്ധതി നടപ്പാക്കുന്നത്. കാമ്പയിന്റെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റ്, സൂപ്പർമാർക്കറ്റ്, ഡിപ്പാർട്ട്മെന്റ് സ്റ്റോർ വിഭാഗങ്ങളിൽ നിന്നുള്ള 1,200ൽ അധികം തെരഞ്ഞെടുത്ത ഉൽപന്നങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ നിശ്ചിതവിഹിതം ഖത്തർ ചാരിറ്റിക്ക് നൽകും. ഒമ്പതാം വർഷത്തിലേക്ക് കടക്കുന്ന പദ്ധതിയിലൂടെ സമാഹരിക്കുന്ന തുക അർഹരായവരിലേക്ക് എത്തിക്കലാണ് ലക്ഷ്യം.
ദോഹയിലെ ലുലു റീജനൽ ഓഫിസിൽ നടന്ന ചടങ്ങിൽ ഖത്തർ ചാരിറ്റി കലക്ഷൻ ഡോണർ റിലേഷൻസ് വിഭാഗം മേധാവി ആമിർ മുഹമ്മദ് അൽ ബസിരി, ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ ഡയറക്ടർ ഷാനവാസ് പാടിയത്ത് എന്നിവർ കരാറിൽ ഒപ്പുവെച്ചു. ലുലു നൽകി വരുന്ന സഹകരണത്തെ പ്രശംസിച്ച ആമിർ മുഹമ്മദ് അൽ ബസിരി മാനുഷിക പ്രവർത്തനങ്ങളിൽ കോർപറേറ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്തം പ്രധാനമാണെന്ന് ഓർമിപ്പിച്ചു. സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ ലുലു ഹൈപ്പർമാർക്കറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഷാനവാസ് പാടിയത്ത് പറഞ്ഞു. കരുണയുടെയും പങ്കുവെക്കലിന്റെയും മാസമായ റമദാനിൽ 'ഷോപ് ആൻഡ് ഡൊണേറ്റ്' പദ്ധതിയിലൂടെ ഉപഭോക്താക്കളെകൂടി ജീവകാരുണ്യയാത്രയുടെ ഭാഗമാക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലുലുവിന്റെ വിശാലമായ മാർക്കറ്റിങ് പ്ലാറ്റ്ഫോമുകൾ വഴി ചാരിറ്റി പാർട്ണർ പ്രോഗ്രാമിനെക്കുറിച്ച് കൂടുതൽ ബോധവത്കരണം നൽകാനും കൂടുതൽ സ്ഥാപനങ്ങളെ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

