സിവിൽ ഡിഫൻസ്: നിർദേശം പാലിക്കാത്ത കമ്പനികൾക്കെതിരെ നടപടി വരും
text_fieldsക്യാപ്റ്റൻ അയ്യൂബ് സാലിഹ് നാസർ അൽ ഷത്ഫ്
ദോഹ: സിവിൽ ഡിഫൻസ് മാനദണ്ഡങ്ങളും നിർദേശങ്ങളും നടപ്പിൽവരുത്താൻ വിമുഖത കാണിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും അടച്ചുപൂട്ടുന്നതടക്കമുള്ള നിയമ നടപടികൾ നേരിടേണ്ടിവരുമെന്ന് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ്.
ചുരുങ്ങിയത് മൂന്നുമാസത്തേക്കെങ്കിലും സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടിവരുമെന്നും ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കി.
ശൈത്യകാലത്ത് അഗ്നിബാധയെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് നടത്തിയ വെബിനാറിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
അഗ്നിബാധ സംഭവിച്ചാൽ ഏഴു മിനിറ്റ് കവിയാതെ തന്നെ സിവിൽ ഡിഫൻസ് വിഭാഗം സംഭവസ്ഥലത്തെത്തും. ബന്ധപ്പെട്ട സ്ഥലത്ത് എത്താൻ ചുരുങ്ങിയ സമയമേ വേണ്ടതുള്ളൂവെന്നും ജനറൽ ഡയറക്ടറേറ്റ് ബോധവത്കരണ ഉദ്യോഗസ്ഥൻ ക്യാപ്റ്റൻ അയ്യൂബ് സാലിഹ് നാസർ അൽ ഷത്ഫ് പറഞ്ഞു.
സിവിൽ ഡിഫൻസ് വാഹനങ്ങൾക്ക് ഏതു സാഹചര്യത്തിലും മറ്റു വാഹനങ്ങൾ വഴിമാറിക്കൊടുക്കണം.
ഇൻറർസെക്ഷനിൽ വഴിമാറിക്കൊടുക്കുന്നതുമൂലം ഗതാഗത നിയമലംഘനങ്ങൾക്ക് കാരണമാകുകയാണെങ്കിൽ അത് അധികൃതർ നീക്കിത്തരും. അഗ്നിബാധ സംഭവിച്ച സ്ഥലത്ത് ജനങ്ങൾ കൂടരുതെന്നും അത് രക്ഷാപ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ശൈത്യകാലത്ത് ക്യാമ്പിങ് സൈറ്റിൽ നിന്നും കുട്ടികൾ അകന്നുപോകുന്നത് ശ്രദ്ധിക്കണം. ക്യാമ്പിങ് ഏരിയ വൃത്തിയായി പരിപാലിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്നും ക്യാപ്റ്റൻ അൽ ഷത്ഫ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

