സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കരുത് -ഹമീദ് വാണിയമ്പലം
text_fieldsപ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ക്ലസ്റ്റര്‍ കണ്‍വന്‍ഷൻ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ മറവില്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ വോട്ടവകാശം നിഷേധിക്കരുതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച ക്ലസ്റ്റര്‍ കണ്‍വെന്‍ഷനുകള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ പരിഷ്കരണത്തിനു മാനദണ്ഡമാക്കുന്ന 2002 ലെ വോട്ടര്‍ പട്ടിക തയാറാക്കുമ്പോള്‍ പ്രവാസം ജീവിതം നയിച്ചിരുന്ന പലരും വോട്ടർ ലിസ്റ്റിൽ ഇല്ല. ആ സമയത്ത് പേരു ചേര്‍ക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളൊ സാങ്കേതിക വിദ്യകളോ ഇന്നത്തെ പോലെ ഇല്ലാതിരുന്നതിനാല്‍ പലരും പട്ടികക്ക് പുറത്താണ്. ഇന്ത്യൻ പൗരന് ഭരണഘടന ഉറപ്പു നൽകുന്ന വോട്ടവകാശം ഉറപ്പാക്കാനാണ് ശ്രമങ്ങൾ ഉണ്ടാവേണ്ടത്. ഉള്‍ക്കൊള്ളലാണ് ജനാധിപത്യമെന്നും രാജ്യത്തെ പൗരന്മാര്‍ വോട്ടവകാശം ഉറപ്പിക്കാന്‍ അവരുടെ മണ്മറഞ്ഞുപോയവരുടെ രേഖകള്‍ പോലും ഹാജരാക്കേണ്ടി വരുന്നത് ശുഭകരമായ സൂചന അല്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ സ്വയം ഭരണാവകാശങ്ങളും ഫണ്ടും വെട്ടിക്കുറച്ചത് ഗാന്ധിജി വിഭാവനം ചെയ്ത ഗ്രാമസ്വരാജിന്റെ പൂര്‍ത്തീകരണത്തിനെതിരാണ്. തെരഞ്ഞെടുപ്പില്‍ പ്രാദേശിക വികസനത്തിനാവണം മുഖ്യ പരിഗണനയെന്നും വെല്‍ഫെയര്‍ പാര്‍ട്ടി കഴിഞ്ഞ തവണ വിജയിച്ചയിടങ്ങളിലൊക്കെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായെത്തിച്ചും മാതൃകാ വാര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാന്‍ വോട്ടവകാശം വിനിയോഗിക്കണമെന്നും അതിനായി മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസീഡന്റ് ആര്‍. ചന്ദ്രമോഹന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ മജീദലി, റഷീദലി, ജനറല്‍ സെക്രട്ടറിമാരായ ഷാഫി മൂഴിക്കല്‍, അഹമ്മദ് ഷാഫി, സെക്രട്ടറി റബീഅ് സമാന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഷുഐബ് അബ്ദുറഹ്മാന്‍, നിഹാസ് എറിയാട്, ലത കൃഷണ തുടങ്ങിയവര്‍ വിവിധ കണ്‍വന്‍ഷനുകളില്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

