ഭരണഘടന മൂല്യങ്ങൾ നിലനിർത്താൻ പൗരന്മാര് ഒന്നിക്കണം - പ്രവാസി വെല്‍ഫെയര്‍
text_fieldsപ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സില്‍ ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കല്‍ സംസാരിക്കുന്നു
ദോഹ: രാജ്യത്തിന്റെ മഹത്തായ ഭരണഘടന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പൗരന്മാർ ഒന്നിച്ചു നിൽക്കണമെന്നും പൗരന്മാരുടെ കൈയിലാണ് റിപ്പബ്ലിക്കിന്റെ ഭാവിയെന്നും പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന സദസ്സ് അഭിപ്രായപ്പെട്ടു. ഭരണഘടനയുടെയും രാഷ്ട്രസങ്കൽപത്തിന്റെയും ആധാര ശിലകളായ മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം, പരമാധികാരം എന്നിവയാണ് നമ്മുടെ പ്രധാന മൂല്യങ്ങൾ. ജനാധിപത്യ മൂല്യങ്ങൾ അട്ടിമറിക്കപ്പെടാതിരിക്കാന്‍ അംബേദ്കറുടെ ആശയങ്ങളെ മുറുകെപ്പിടിച്ച് ബഹുസ്വരത ശക്തിപ്പെടുത്തണം.
അടിസ്ഥാന വിഭാഗങ്ങളുടെ അവകാശം ഹനിക്കുന്ന നിയമങ്ങൾ ചർച്ച കൂടാതെ പാസാക്കപ്പെടുന്നതിലും പൗരാവകാശങ്ങൾ ചില ഘട്ടങ്ങളിൽ ലംഘിക്കപ്പെടുന്നത് തടയാനും ജനാധിപത്യ സ്ഥാപനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷഫീഖ് അറക്കൽ, ഇന്ത്യന്‍ ഓഥേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഷംന ആസ്മി, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മിറ്റിയംഗം സാദിഖ് ചെന്നാടൻ, ആരിഫ് വടകര, ഷജീര്‍ മുല്ലക്കര എന്നിവര്‍ സംസാരിച്ചു. പരിപാടിയിൽ പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് മാള മോഡറേറ്ററായിരുന്നു. സംസ്ഥാന സെക്രട്ടറി നിഹാസ് എറിയാട് സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം റാസിഖ് നാരങ്ങോളി നന്ദിയും പറഞ്ഞു. അലി അജ്മല്‍ നയിച്ച റാപിഡ് ക്വിസ്, നടുമുറ്റത്തിന്റെ ദേശഭക്തിഗാനം എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

