സി.ഐ.സി ഖത്തറിന് പുതിയ നേതൃത്വം
text_fieldsആർ.എസ്. അബ്ദുൽ ജലീൽ, ഇ. അർഷദ്
ദോഹ: ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, പ്രവാസിക്ഷേമ രംഗങ്ങളില്‍ സജീവ സാന്നിധ്യമായ സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തറിന്റെ പുതിയ കാലയളവിലേക്കുള്ള നേതൃത്വം നിലവിൽവന്നു.
ആർ.എസ്. അബ്ദുൽ ജലീലാണ് പ്രസിഡന്റ്. ഇ. അർഷദ് (ജനറൽ സെക്രട്ടറി), റഹീം ഓമശ്ശേരി, മുബാറക് കെ.ടി (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് റാഫി, നൗഫൽ പാലേരി (സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആർ.എസ്. അബ്ദുൽ ജലീൽ സി.ഐ.സി വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ മുമ്പ് വഹിച്ചിരുന്നു.
കൊച്ചി നെട്ടൂർ സ്വദേശിയായ അബ്ദുൽ ജലീൽ മാനേജ്മെന്റ്, സ്ട്രാറ്റജി, ഫിനാൻസ് രംഗത്തെ വിദഗ്ധനാണ്. ജനറൽ സെക്രട്ടറിയായ ഇ. അർഷദ് സി.ഐ.സി വൈസ് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ഐ.ടി രംഗത്ത് ജോലി ചെയ്തുവരുന്ന അദ്ദേഹം കോളമിസ്റ്റുകൂടിയാണ്. കേന്ദ്ര സമിതി അംഗങ്ങളായി കെ.സി. അബ്ദുല്ലത്തീഫ്, കെ.ടി. അബ്ദുറഹിമാൻ, ഖാസിം ടി.കെ, ബഷീർ അഹമ്മദ്, മുഷ്താഖ് കെ.എച്ച്, സുഹൈൽ ശാന്തപുരം, സാദിഖ് ചെന്നാടൻ, നഹിയ നസീർ, നസീമ എം, മുനിഷ് എ.സി, അസ്ലം തൗഫീഖ് എം.ഐ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് വി.ടി. അബ്ദുല്ലക്കോയ തങ്ങൾ നേതൃത്വം നൽകി.
സി.ഐ.സിയുടെ വിവിധ സോണുകളിൽ പ്രഡിഡന്റുമാരായി ജാഫർ മുഹമ്മദ് (ദോഹ), റഷീദലി പി.എം (മദീന ഖലീഫ), സുബുൽ അബ്ദുൽ അസീസ് (റയ്യാൻ), സുധീർ (തുമാമ), ഷാനവാസ് ഖാലിദ് (വക്റ), സക്കീർ ഹുസൈൻ (അൽഖോർ) എന്നിവരെയും തെരഞ്ഞെടുത്തു.
സോണൽ തെരഞ്ഞെടുപ്പുകൾക്ക് അർഷദ് ഇ, കെ.ടി. മുബാറക്, കെ.സി. അബ്ദുൽ ലത്തീഫ്, കെ.ടി. അബ്ദുറഹ്മാൻ, മുഹമ്മദ് റാഫി, നൗഫൽ പാലേരി എന്നിവർ നേതൃത്വം നൽകി. പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രമുഖരായിരുന്ന ഖാസിം മൗലവി, സലീം മൗലവി, അബ്ദുല്ല ഹസൻ, വി.കെ. അലി, മുഹമ്മദ് അലി ആലത്തൂർ, കെ. സുബൈർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഖത്തറിൽ അരനൂറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ 2017ല്‍ സെന്റര്‍ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി ഖത്തർ) എന്ന് പുനർനാമകരണം ചെയ്യുകയായിരുന്നു.
ദീര്‍ഘമായ കാലയളവിൽ വൈജ്ഞാനിക രംഗത്തും സാമൂഹിക സാംസ്കാരിക സേവന മേഖലകളിലും മാധ്യമ രംഗത്തും മാതൃകപരമായ പദ്ധതികളും പ്രവർത്തനങ്ങളും ആവിഷ്കരിക്കാൻ സംഘടനക്ക് കഴിഞ്ഞിട്ടുണ്ട്. ബഹുജന ഖുർആൻ പഠന കേന്ദ്രങ്ങൾ, സാമൂഹിക സാംസ്കാരിക സാഹിത്യ പ്രവർത്തനങ്ങൾ, സാന്ത്വന സേവന പ്രവര്‍ത്തനങ്ങൾ തുടങ്ങി ഒട്ടനവധി സംരംഭങ്ങള്‍ പ്രവാസികൾക്കായി ആസൂത്രണം ചെയ്യാനും നടപ്പാക്കാനും സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

