പ്രവാസികൾക്ക് ക്രിസ്മസ് ആഘോഷ ദിനം
text_fieldsദോഹ: ലോകമെങ്ങുമുള്ള വിശ്വാസികൾക്കൊപ്പം ഖത്തറിലെ പ്രവാസികൾ ഉൾപ്പെടെ ക്രൈസ്തവ സമൂഹം തിരുപ്പിറവിയുടെ ആഘോഷത്തിൽ. അവധിക്കാലം തുടങ്ങുകയും പുതുവർഷത്തിനുള്ള കാത്തിരിപ്പിനുമിടയിലെത്തുന്ന ക്രിസ്മസ് ആഘോഷങ്ങൾ ദിവസങ്ങൾക്കു മുമ്പ് തുടക്കം കുറിച്ചു കഴിഞ്ഞതാണ്. പള്ളികളിൽ നടക്കുന്ന ചടങ്ങുകൾക്ക് പുറമേ വീടുകളിലും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലും ആഘോഷപരിപാടികൾ സജീവമാണ്.
ഖത്തറിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ നിരവധി പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ പരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
വിവിധ ക്രൈസ്തവ സഭാ വിശ്വാസികളുടെ ആരാധനാ കേന്ദ്രങ്ങൾ ഉൾകൊള്ളുന്ന അബൂ ഹമൂറിലെ ഐ.ഡി.സി.സി കോംപ്ലക്സാണ് ആഘോഷങ്ങളുടെ പ്രധാന വേദി. വൈവിധ്യമാർന്ന അലങ്കാരങ്ങളും നക്ഷത്രവിളക്കുകളുമായി ആരാധനാ കേന്ദ്രങ്ങളും വീടുകളും ആഘോഷ നിറവിലാണ്.
ക്രിസ്മസ്-പുതുവത്സരത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി വിപണി നേരത്തെതന്നെ സജീവമായി കഴിഞ്ഞു. ക്രിസ്മസ് ട്രീകളും, കേക്കും മറ്റുമായി രാജ്യത്തെ എല്ലാ ഹൈപർ മാർക്കറ്റുകളിലും ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെയുണ്ട്. പ്രവൃത്തി ദിനത്തിലാണ് ക്രിസ്മസ് എത്തുന്നതെന്നതിനാൽ ആഘോഷങ്ങൾക്ക് അവധി ദിനം വരെ കാത്തിരിക്കേണ്ടി വരും. വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വാരാന്ത്യങ്ങളിൽ വിപുലമായ പരിപാടികളാണുള്ളത്.

