കുട്ടികളുടെ കളിയുത്സവം വീണ്ടുമെത്തുന്നു
text_fieldsഖത്തർ ടോയ് ഫെസ്റ്റിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: വേനലവധിക്കാലത്ത് കുട്ടികൾക്ക് കളിയുത്സവമായി ഖത്തർ ടോയ് ഫെസ്റ്റിവൽ തിരികെയെത്തുന്നു. ഒരു മാസം നീളുന്ന ടോയ് ഫെസ്റ്റിവലിന് ജൂലൈ ആറിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ കൊടിയേറും. ആഗസ്റ്റ് നാല് വരെയാണ് ഇത്തവണ ടോയ് ഫെസ്റ്റ്.സന്ദർശക പങ്കാളിത്തവും, വിനോദ പരിപാടികളുമായി മുൻവർഷങ്ങളിൽ വൻ ഹിറ്റായി മാറിയ ടോയ് ഫെസ്റ്റിലവിൽ കൂടുതൽ വിപുലമായാണ് മൂന്നാം സീസണിലെത്തുന്നത്. ഖത്തറിലെയും മേഖലയിലെയും തന്നെ ഏറ്റവും മികച്ച ടോയ് ഫെസ്റ്റിനാണ് ഇത്തവണ ഡി.ഇ.സി.സി വേദിയൊരുക്കുന്നതെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു.
ഖത്തറിലെ സ്വദേശികൾ, താമസക്കാർ, സന്ദർശകർ ഉൾപ്പെടെ എല്ലാ വിഭാഗക്കാരെയും സ്വാഗതം ചെയ്തുകൊണ്ടാണ് ടോയ് ഫെസ്റ്റ് വീണ്ടുമെത്തുന്നത്. മുൻവർഷങ്ങളേക്കാൾ കൂടുതൽ ബ്രാൻഡുകളുടെ പങ്കാളിത്തവുമുണ്ട്. കുട്ടികൾക്ക് വാഹന കളിപ്പാട്ടങ്ങളുടെ ലോകം തുറക്കുന്ന ഹോട്ട് വീൽസ്, ഷോൺ ദി ഷീപ് ഫാം, ബാർബി, ഡിസ്നി പ്രിൻസസ് തുടങ്ങിയ വണ്ടർ വേൾഡും ഇവിടെയുണ്ടാകും. കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളായ കോകോമെലൺ, മിറാകുലസ് എന്നിവയുടെ സാന്നിധ്യമാണ് ടോയ് ഫെസ്റ്റിനെ ആകർഷകമാക്കുന്നത്. ഹൊറർ ഹൗസ്, പബ്ജി, ബാറ്റിൽ ഗ്രൗണ്ട്, ഷെർലക് ഹോംസ് എസ്കേപ് റൂം, ഫ്രൈഡേ നൈറ്റ് അറ്റ് ഫ്രെഡിസ് തുടങ്ങിയ കുട്ടിക്കൂട്ടങ്ങളുടെ ഇഷ്ടങ്ങളും നിറയും.
ഇതോടൊപ്പം ഇത്തവണ കൂടുതൽ സ്റ്റേജ് ഷോകൾക്കും ടോയ് ഫെസ്റ്റ് വേദിയാകും. നൃത്തപരിപാടികൾ, സംഗീത ഷോ, ശാസ്ത്ര പ്രദർശനം ഉൾപ്പെടെയാണിത്. 50ഓളം ഭാഗ്യമുദ്രകൾ അണിനിരക്കുന്ന പരേഡാണ് പ്രധാന ആകർഷണങ്ങളിൽ ഒന്ന്. ജൂലൈ ആറിന് വൈകുന്നേരം നാലിനാണ് ഉദ്ഘാടനം.മേളയോടനുബന്ധിച്ച് നാല് മുതൽ 12 വയസ്സുവരെയുള്ളവർക്ക് വേനലവധി ക്യാമ്പും സംഘടിപ്പിക്കും. ബാക് ടു സ്കൂൾ സീസൺ ഭാഗമായി കുട്ടികൾക്കായി സ്പെഷൽ പ്രമോഷൻ, വിദ്യാഭ്യാസ സ്റ്റേജ് ഷോ, മത്സരങ്ങൾ എന്നിവയും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

