റിയൽ അല്ലെങ്കിലെന്താ... റീൽ നിറയെ ചെറി വസന്തമാണ്
text_fieldsകതാറയിലെ 21 ഹൈ സ്ട്രീറ്റിൽ ചെറി േബ്ലാസം കാഴ്ചകൾ പകർത്തുന്ന സന്ദർശകർ, കതാറയിൽ നിന്നുള്ള ദൃശ്യങ്ങൾ
ദോഹ: ഖത്തറിലെ റീലുകാരെല്ലാം ഇപ്പോൾ കതാറയിലേക്കാണ്. മലയാളിയും ഫിലിപ്പിനോയും യൂറോപ്യനും മുതൽ സ്വദേശികളും വിവിധ അറബ് ദേശക്കാരുമെല്ലാം മൊബൈൽ ഫോണുമായി കതാറയിലെ 21 ഹൈ സ്ട്രീറ്റിലേക്ക് ഒഴുകിയെത്തുമ്പോൾ അവരെ കാത്ത് അവിടെയൊരു പിങ്ക് തെരുവുണ്ട്. രാജകീയ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾക്കു നടുവിൽ, പരവതാനി വിരിച്ചപോലെയുള്ള നടപ്പാതക്ക് ഇരുവശവും പിങ്കും പർപ്പിളും നിറത്തിൽ ചെറി േബ്ലാസം പൂത്തുലഞ്ഞു നിൽക്കുന്നു. 80 മീറ്ററോളമുള്ള സ്ട്രീറ്റിനെ ജപ്പാനിലെ ചെറി േബ്ലാസം ഉത്സവവേദിയായ ക്യോട്ടോയും ഇസു കവാസുവും പോലെ പിങ്ക് പൂക്കൾ വർണക്കുടയായി മാറിയ തെരുവാക്കിമാറ്റുന്നു.
ലോകമെങ്ങുമുള്ള സന്ദർശകരെ ആകർഷിക്കുന്ന ജപ്പാനിലെ ചെറി േബ്ലാസം ഫെസ്റ്റിന് തുടക്കം കുറിച്ച സീസണിൽ തന്നെയാണ് ഖത്തറിലെ സന്ദർശകരുടെ പറുദീസയായ കതാറയിലും ഒരു കൊച്ചു ജാപ്പനീസ് ചെറി േബ്ലാസം തെരുവാക്കി മാറ്റിയത്.
രണ്ടാൾ പൊക്കത്തിൽ ഉയർന്നു നിൽക്കുന്ന മരങ്ങൾ പൂക്കുട പോലെ പിങ്ക് നിറത്തിൽ വിടർന്നുനിന്ന് കാഴ്ചക്കാർക്ക് മനോഹര ദൃശ്യം സമ്മാനിക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നതാണ്. പർവതനിരയുടെയും, ഒഴുകുന്ന നദിയുടെയും പശ്ചാത്തലത്തിൽ ലോകത്തിന്റെ റൊമാന്റിക് ഉത്സവമായി മാറുന്ന ജപ്പാന്റെ സകൂറ സീസണിന്റെ പകർപ്പ് കതാറയും നൽകുന്നു. എന്നാൽ, ക്യോട്ടോയിലെയും ടോക്യോയിലെയും സകൂറ സീസണും കതാറയിലെ ചെറി േബ്ലാസമും തമ്മിലൊരു വ്യത്യാസമുണ്ട്. അവിടെ നിരത്തിലും നടപ്പാതയിലും പുഴയിലുമെല്ലാം വീണു കിടന്ന് തെരുവിനെ പോലെ പിങ്ക് പരവതാനിയാക്കിമാറ്റുന്നപോലെ ദൃശ്യങ്ങൾ ഇവിടെയില്ല. കാരണം, ഇത് വാടാതെ, വീഴാതെ വിടർന്നു നിൽക്കുന്ന കൃത്രിമ ചെറി േബ്ലാസം മരങ്ങളാണ്. പിങ്ക് പൂക്കളും, ഇടയിൽ പച്ച ഇലകളും തണ്ടുകളുമെല്ലാം കൃത്രിമമായി നിർമിച്ചവ. കതാറ ആഡംബര വീഥിയായ 21 ഹൈ സ്ട്രീറ്റിൽ ഇരു വശങ്ങളിലുമായി 25ഓളം ചെറി േബ്ലാസം ആണ് സ്ഥാപിച്ചത്.
അത്ഭുതക്കാഴ്ചകൾ കൊണ്ട് എന്നും അതിശയിപ്പിക്കുന്ന കതാറയിലെ തെരുവിൽ ചെറി വസന്തം ആഘോഷമാക്കാൻ ഇപ്പോൾ നിരവധി പേരാണ് എത്തുന്നത്.
ദിവസവും വൈകുന്നേരങ്ങളിൽ കാഴ്ചക്കാരായെത്തുന്നവർ ചിത്രം പകർത്തിയും റീൽ പിടിച്ചും ചെറി വസന്തം കളർഫുൾ ആക്കുന്നു. ഇൻസ്റ്റഗ്രാം, ടിക് ടോക് ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിലും ഇപ്പോൾ കതാറയിലെ ചെറി പൂക്കളാണ് താരം. സംഗതി കൃത്രിമമാണെങ്കിലും കാഴ്ച ഏറെ സുന്ദരമായതിനാൽ സന്ദർശകരിപ്പോൾ പെരുകുകയാണ്. കുടുംബസമേതവും, ബാച്ചിലർ പ്രവാസികളുമെല്ലാമായി കതാറയിലും സോഷ്യൽ മീഡിയയിലും ഇപ്പോൾ ഈ ചെറിക്കാലമാണ് താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

