പേര് വിളിച്ചു; ലുസൈൽ ‘ഫിയ’ ചാമ്പ്യൻഷിപ് ഇനി ‘ഖത്തർ 1812’
text_fieldsഫിയ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ട്രോഫി പാരിസിൽ പുറത്തിറക്കിയപ്പോൾ
ദോഹ: അടുത്ത വർഷം മാർച്ച് ആദ്യത്തിൽ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് വേദിയാകുന്ന ഫിയ (ഫെഡറേഷൻ ഓഫ് ഇന്റർനാഷനൽ ഡി ഓട്ടോമൊബൈൽ) വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ് ‘ഖത്തർ 1812’ എന്നറിയപ്പെടും. പാരിസിൽ നടന്ന ഫെഡറേഷന്റെ വാർത്തസമ്മേളനത്തിലാണ് ഖത്തർ വേദിയാകുന്ന ചാമ്പ്യൻഷിപ്പിന്റെ നാമകരണം നടന്നത്. നാലു ഭൂഖണ്ഡങ്ങളിലായി എട്ടു റേസുകളാണ് അടുത്ത വർഷം ഫിയ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ് കലണ്ടറിലുള്ളത്.
1812 കിലോമീറ്റർ ദൈർഘ്യമുള്ളതും 10 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ പൂർത്തിയാകുന്നതുമായ ഈ റേസിന് ഖത്തർ ദേശീയദിനത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് നാമകരണം ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ഡിസംബർ 18നാണ് ഖത്തറിന്റെ ദേശീയദിനം ആഘോഷിക്കുന്നത്.
ഏറെ പ്രശസ്തമായ ഗ്ലോബൽ എൻഡ്യൂറൻസ് സീരീസിന്റെ 12ാമത് സീസണ് ഖത്തറിൽനിന്നാണ് തുടക്കം കുറിക്കുന്നത്. ഇതാദ്യമായാണ് ഖത്തർ ഫിയ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്നത്.
പുനർരൂപകൽപന ചെയ്ത ലുസൈൽ സർക്യൂട്ടിൽ ലോകത്തിലെ ഏറ്റവും മികച്ച എൻഡ്യൂറൻസ് റേസ് ഡ്രൈവർമാരെയും ഏറ്റവും പുതിയ ഹൈപ്പർ കാറുകൾ പ്രദർശിപ്പിക്കുന്ന പ്രീമിയർ ബ്രാൻഡുകളെയും സ്വാഗതം ചെയ്തുകൊണ്ട് അടുത്ത വർഷം ഫെബ്രുവരിയിൽ ഡബ്ല്യു.ഇ.സി പ്രോലോഗിനും ഖത്തർ ആതിഥേയത്വം വഹിക്കും. 5.418 കിലോമീറ്ററാണ് ലുസൈൽ സർക്യൂട്ടിന്റെ ആകെ നീളം.
2024 മുതൽ 2029 വരെ ആറു വർഷം ഫിയ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന കരാറിൽ ഖത്തർ ഒപ്പുവെച്ചതിന് ശേഷമുള്ള പ്രഥമ ചാമ്പ്യൻഷിപ് എന്ന സവിശേഷതയോടൊപ്പം വലിയ വെല്ലുവിളി കൂടിയായിരിക്കും ഇത്. ലുസൈലിൽ നടക്കുന്ന 2024ലെ ഫിയ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക നാമമായി ‘ഖത്തർ 1812’ തിരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ മോട്ടോർ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ പ്രസിഡന്റ് അബ്ദുറഹ്മാൻ ബിൻ അബ്ദുല്ലത്തീഫ് അൽ മന്നാഈ പറഞ്ഞു.
പുനർരൂപകൽപന ചെയ്ത ലുസൈൽ സർക്യൂട്ടിന്റെ നവീകരണം പൂർത്തിയാകാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. ഡ്രൈവർമാർക്കും ടീമുകൾക്കും കാണികൾക്കും അസാധാരണമായ അനുഭവമായിരിക്കും സർക്യൂട്ട് വാഗ്ദാനം ചെയ്യുകയെന്ന് അധികൃതർ വ്യക്തമാക്കുന്നു.
റേസ് കൺട്രോൾ, മീഡിയ, മെഡിക്കൽ സെന്ററുകൾ, പുതിയ പിറ്റ് ബോക്സുകൾ, വിപുലീകരിച്ച ഫാൻ ഏരിയകൾ തുടങ്ങിയവ ഉൾപ്പെടെ മോട്ടോർ സ്പോർട്സ് പ്രേമികൾക്കായി അത്യാധുനിക സൗകര്യങ്ങൾ പ്രദാനം ചെയ്യുന്നതിലെ ഖത്തറിന്റെ പ്രതിബദ്ധതയാണ് നവീകരണം.
ഈ വർഷം അവസാനത്തിലെ ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോക്കൊപ്പം ഫോർമുല വൺ ഖത്തർ എയർവേസ് ഗ്രാൻഡ് പ്രിക്സ്, ഖത്തർ മോട്ടോ ജി.പി എന്നിവക്കും ലുസൈൽ സർക്യൂട്ട് വേദിയാകും.
2012ൽ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ് ആരംഭിച്ചതിനുശേഷം വേദിയാകുന്ന 13ാമത് രാജ്യമായിരിക്കും ഖത്തറെന്ന് ഫിയ ഡബ്ല്യു.ഇ.സി സി.ഇ.ഒ ഫ്രെഡറിക് ലെക്വീൻ പറഞ്ഞു. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻഷിപ്പുകളെയും മറ്റു പരിപാടികളെക്കുറിച്ചും കൂടുതലറിയുന്നതിന് http://www.lcsc.qa/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

