ചലഞ്ചർ കപ്പ് വോളി; ഇന്ന് നാലു പോരാട്ടങ്ങൾ ആദ്യ മത്സരം രാവിലെ 11ന് ആസ്പയർ സ്പോർട്സ് ഹാളിൽ
text_fieldsaxചലഞ്ചർ കപ്പ് വോളി വേദിയായ ആസ്പയർ സ്പോർട്സ് ഹാൾ
ദോഹ: കാത്തിരിപ്പിനൊടുവിൽ കൈക്കരുത്തിന്റെ വോളി അങ്കത്തിന് ഇന്ന് ദോഹയിൽ തുടക്കം. അവധിദിനമായ വെള്ളിയാഴ്ച അഞ്ചു വൻകരകളിൽനിന്നുള്ള എട്ടു ടീമുകളാണ് ഈ ഉശിരൻ പോരാട്ടത്തിൽ മാറ്റുരക്കുന്നത്. രാവിലെ 11 മണിക്ക് ചിലിയും തുനീഷ്യയും തമ്മിലെ അങ്കത്തോടെ തുടക്കംകുറിക്കും. ഉച്ച രണ്ടിന് യുക്രെയ്ൻ ചൈനയെയും വൈകുന്നേരം അഞ്ചിന് ആതിഥേയരായ ഖത്തർ തായ്ലൻഡിനെയും രാത്രി എട്ടിന് തുർക്കിയ ഡൊമിനിക്കൻ റിപ്പബ്ലിക്കിനെയും നേരിടും.
ആസ്പയർ സ്പോർട്സ് ഹാളിലാണ് ഉശിരൻ സ്മാഷും തകർപ്പൻ വോളികളും പറക്കുന്ന അങ്കത്തിന് കളമൊരുങ്ങുന്നത്. ഒളിമ്പിക്സിലും ലോക ചാമ്പ്യൻഷിപ്പിലുമായി മികവ് തെളിയിച്ച ഒരുപിടി താരങ്ങൾ അണിനിരക്കുന്ന മത്സരങ്ങൾക്കാവും ഇന്നു മുതൽ ദോഹ ആസ്പയർ ഹാൾ വേദിയാകുന്നത്.
ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്ന തുനീഷ്യയും ചിലിയും ആഫ്രിക്ക-തെക്കൻ അമേരിക്ക വൻകരയെ പ്രതിനിധീകരിച്ചാണ് മാറ്റുരക്കുന്നത്.
ഇരുവരും 2016 റിയോ ഒളിമ്പിക്സ് മത്സരത്തിലായിരുന്നു അവസാനമായി ഏറ്റുമുട്ടിയത്. ചിലിക്ക് കഴിഞ്ഞ മൂന്നു ചലഞ്ചർ കപ്പിലും മത്സരിച്ച പരിചയമുണ്ട്. തുനീഷ്യക്കാവട്ടെ തുടർച്ചയായ രണ്ടാം ടൂർണമെന്റും. ഏഷ്യൻ-യൂറോപ്യൻ പവർഹൗസുകളാണ് ചൈനയും യുക്രെയ്നും. ആതിഥേയരായ ഖത്തറും, രാത്രി അങ്കത്തിനിറങ്ങുന്ന തുർക്കിയും മേഖലയിലെ മികച്ച ടീമുകളാണ്.
പ്രവേശനം സൗജന്യം
ആസ്പയർ സ്പോർട്സ് ഹാൾ വേദിയാവുന്ന വോളിബാൾ ചലഞ്ചർ കപ്പ് ചാമ്പ്യൻഷിപ്പിന് കാണികൾക്ക് പ്രവേശനം സൗജന്യമാണ്. കണ്ണഞ്ചിപ്പിക്കുന്ന മത്സരക്കാഴ്ചക്കൊപ്പം കാണികൾക്ക് കാത്തിരിക്കുന്നത് കൈനിറയെ സമ്മാനങ്ങളുമാണ്. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച് ഉൾപ്പെടെ സമ്മാനങ്ങൾ ഭാഗ്യവാന്മാർക്ക് ലഭിക്കുമെന്ന് ഖത്തർ വോളി അസോസിയേഷൻ അറിയിച്ചു. അൽകാസ് ടി.വി ചാനലിലും മത്സരങ്ങൾ തത്സമയം കാണാം.
ഇന്നത്തെ മത്സരങ്ങൾ
ചിലി vs തുനീഷ്യ (11 മണി)
യുക്രെയ്ൻ vs ചൈന (2 മണി)
ഖത്തർ Vs തായ്ലൻഡ്
(5 മണി)
തുർക്കി Vs ഡൊമിനിക്കൻ
റിപ്പബ്ലിക് (8 മണി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

