കാഴ്ചക്കാരന്റെ ഹൃദയം കവർന്ന് ‘ചക്കരപ്പന്തൽ’
text_fieldsനാടക സൗഹൃദവേദി ദോഹ വാർഷിക ആഘോഷ പരിപാടിയിൽ ചലച്ചിത്ര നാടക നടൻ അപ്പുണ്ണി ശശി അവതരിപ്പിച്ച ചക്കരപ്പന്തൽ ഏകാംഗ നാടകത്തിൽ നിന്ന്
ദോഹ: കണ്ണു ചിമ്മും മുമ്പേ അരങ്ങില്‍ നാലു വേഷങ്ങളിലെത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദോഹയിലെ വേദിയിലും കൈയടി നേടി മലയാള നാടക-ചലച്ചിത്ര നടൻ അപ്പുണ്ണി ശശി. ഖത്തറിലെ നാടക പ്രേമികളുടെയും പ്രവർത്തകരുടെയും വേദിയായ നാടക സൗഹൃദം ദോഹയുടെ എട്ടാം വാർഷികവും ലോക നാടക ദിന ആഘോഷവും നടന്ന വേദിയിലായിരുന്നു ഇന്ത്യയിലെ വിവിധ വേദികളിൽ അവതരിപ്പിച്ച് ശ്രദ്ധേയമായി മാറിയ ‘ചക്കരപ്പന്തൽ’ഏകാംഗ നാടകവുമായി അപ്പുണ്ണി ശശി എത്തിയത്.
മലയാളി വൈവാഹിക സ്വപ്നങ്ങളിലെ കാണാക്കാഴ്ചകളുടെ രാഷ്ട്രീയം പറയുന്ന ‘ചക്കരപ്പന്തൽ’കേരളത്തിലും പുറത്തുമായി നാലായിരത്തോളം വേദികളിൽ അരങ്ങേറി ശ്രദ്ധേയമായതാണ്. ചക്കരയെന്ന 42കാരിയും ഒപ്പം ചക്കരയുടെ അമ്മ മാളുവമ്മ, മധ്യവയ്സകനായ സഹോദരൻ, വിവാഹമോഹിയായി എത്തുന്ന വെട്ടുകാരന് കരുണന് എന്നിവരായി അരങ്ങില്‍ അപ്പുണ്ണി ശശി നിറയുന്നതാണ് നാടകം. ശിവദാസ് പൊയില്‍ക്കാവ് ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്.
അബൂഹമൂറിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ നിറഞ്ഞ സദസ്സിന്റെ കൈയടി നേടിയാണ് തിരശ്ശീല വീണത്.
നാടക സൗഹൃദം ദോഹയുടെ ആഘോഷ പരിപാടികൾ അപ്പുണ്ണി ശശി ഉദ്ഘാടനം ചെയ്തു. നാട്യാഞ്ജലിയിലെ വിദ്യാർഥികൾ അവതരിപ്പിച്ച സ്വാഗതനൃത്തത്തോടെയായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. കോഴിക്കോട് ചിന്ത ആർട്സ് സ്ഥാപകൻ എ.ടി.എ കോയ, നാടക സൗഹൃദം സ്ഥാപകാംഗം എ.വി.എം ഉണ്ണി, നോബ്ൾ സ്കൂൾ പ്രിൻസിപ്പൽ ഷിബു റഷീദ്, ദോഹയിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ എം.ടി നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു. പ്രമുഖ നാടക പ്രവർത്തകനും എം.ഇ.എസ് സ്കൂൾ അധ്യാപകനുമായ അബ്ദുൽ കരീം ലോക നാടക ദിന പ്രഭാഷണം നടത്തി.
അപ്പുണ്ണി ശശിക്ക് ജോൺസണും നാടക സൗഹൃദം ദോഹ സ്ഥാപകൻ കെ.കെ. സുധാകരന് ജോയ് മത്തായിയും മെമന്റോ സമ്മാനിച്ചു. സുധാകരന്റെ അഭാവത്തിൽ അൻവർ ബാബു ഏറ്റുവാങ്ങി.
എ.ടി.എ കോയ, അബ്ദുൽ കരീം മാസ്റ്റർ, നാട്യാഞ്ചലി സാരഥി സഫിയ സത്താർ, രാജേഷ് രാജൻ, ആഷിക്ക് മാഹി, ഇഖ്ബാൽ ചേറ്റുവ, പ്രദോഷ് കുമാർ, ബിജു പി മംഗലം, അഷ്ടമി ജിത്, കൃഷ്ണകുമാർ, നവാസ് എം. ഗുരുവായൂർ തുടങ്ങിയവരെ മെമന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് മജീദ് സിംഫണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആഷിക് മാഹി സ്വാഗതവും ട്രഷറർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.
നാടക സൗഹൃദം ദോഹയുടെ കലാകാരന്മാർ അവതരിപ്പിച്ച സാറാ ജോസഫിന്റെ ‘പാപത്തറ’എന്ന ചെറുകഥയെ ആസ്പദമാക്കി കൃഷ്ണനുണ്ണി സംവിധാനം നിർവഹിച്ച ‘പെണ്ണു പൂക്കണ നാട്’സ്വതന്ത്ര രംഗാവിഷ്ക്കാരവും വേദിയിൽ അരങ്ങേറി. ഖത്തറിലെ കലാകാരന്മാരായിരുന്നു പെണ്ണു പൂക്കണ നാടിൽ വേഷമിട്ടതും അണിയറയിൽ പ്രവർത്തിച്ചതും.
നടൻ അപ്പുണ്ണി ശശിക്ക് നാടക സൗഹൃദം ദോഹയുടെ ഉപഹാരം സമ്മാനിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

