ആഘോഷക്കൊടിയേറ്റം
text_fieldsപാസേജ് ടു ഇന്ത്യകമ്യൂണിറ്റി ഫെസ്റ്റ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല ഉദ്ഘാടനം ചെയ്യുന്നു
ദോഹ: കോവിഡിന്റെ ദുരിതകാലത്തിൽനിന്ന് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ ഉത്സവകാലത്തിലേക്ക് കൊടിയേറ്റമായി.
ഇന്ത്യൻ എംബസി അപെക്സ് ബോഡിയായ ഇന്ത്യൻ കൾചറൽ സെന്റർ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ 'പസേജ് ടു ഇന്ത്യ' കമ്യൂണിറ്റി ഫെസ്റ്റിന് മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്സ് (മിയ) പാർക്കിൽ തുടക്കം കുറിച്ചു.
ഖത്തറിലെ ഇന്ത്യൻ പ്രവാസികളുടെയും സ്വദേശികൾ ഉൾപ്പെടെ അതിഥികളുടെയും സാന്നിധ്യത്തിൽ സമ്പന്നമായ വേദിയിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല ഉദ്ഘാടനം ചെയ്തു. അംബാസഡർ ഡോ. ദീപക് മിത്തൽ, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിലെയും സാംസ്കാരിക മന്ത്രാലയത്തിലെയും വിവിധ ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ വിഡിയോ സന്ദേശം സദസ്സിനു നൽകി. ഫെസ്റ്റ് വേദിയിലെ താജ്മഹൽ മാതൃകയും ഹർഷ് വർധൻ ശൃംഗ്ല ഉദ്ഘാടനം ചെയ്തു.
മിയാ പാർക്കിലെ വിശാലമായ മൈതാനത്ത് ആയിരക്കണക്കിന് പേരാണ് സാംസ്കാരിക ആഘോഷങ്ങളിൽ ഭാഗമാവാനെത്തിയത്. വെള്ളി, ശനി ദിവസങ്ങളിൽ തുടരുന്ന പരിപാടിയിൽ വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലെ കലാരൂപങ്ങളെ ഉൾക്കൊള്ളിച്ചുള്ള നൃത്ത, കലാപരിപാടികളും അരങ്ങേറുന്നുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേളക്കും തുടക്കമായി. വിവിധ രുചിവൈവിധ്യങ്ങളുമായി പത്തോളം സ്റ്റാളുകളാണ് തയാറാക്കിയത്.
ഇതിനുപുറമെ, കരകൗശല വസ്തുക്കളുടെ പ്രദർശനവും വിൽപനയുമെല്ലാം ഫെസ്റ്റിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം ദിനമായ വെള്ളിയാഴ്ച നാലിന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഡോഗ് സ്ക്വാഡ് ഒരുക്കുന്ന ഷോയോടെ പരിപാടികൾക്ക് തുടക്കമാവും. സാംസ്കാരിക പരിപാടികൾ, മെഗാ തിരുവാതിരകളി എന്നിവ അരങ്ങേറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

