സി.ബി.എസ്.ഇ ദേശീയ നീന്തൽ; ആര്യൻ എസ്. ഗണേഷിന് സുവർണനേട്ടം
text_fieldsഇന്ത്യയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ നേടിയ മെഡലുകളുമായി ആര്യൻ എസ്. ഗണേഷ്
ദോഹ: ഭാവൻസ് പബ്ലിക്ക് സ്കൂൾ വിദ്യാർഥി ആര്യൻ എസ്. ഗണേഷിന് ഇന്ത്യയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേട്ടം. 12ാം ക്ലാസ് വിദ്യാർഥിയാണ്. ഖത്തറിൽനിന്ന് ഇന്ത്യൻ സ്കൂളുകളെ പ്രതിനിധാനംചെയ്താണ് ആര്യൻ ദേശീയതല ചാമ്പ്യൻഷിപ്പിൽ മത്സരിച്ചത്.
ജനുവരി 21 മുതൽ 24 വരെ രാജ്കോട്ടിലെ ജീനിയസ് സ്കൂളും ജേ ഇന്റർനാഷനൽ സ്കൂളും ചേർന്ന് സർദാർ വല്ലഭ്ഭായ് പട്ടേൽ സ്വിമ്മിങ് പൂളിലാണ് ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കിയത്. അണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ആര്യൻ എസ്. ഗണേഷ്, പങ്കെടുത്ത മൂന്നിനങ്ങളിലും മെഡലുകൾ നേടി.
50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ 27.44 സെക്കൻഡിൽ തുഴഞ്ഞെത്തി സ്വർണമെഡലും 50 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ വെള്ളിമെഡലും (30.88 സെക്കൻഡ്), 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ വെങ്കലവും (1:12:30 സെ.) നേടി. ദേശീയ തലത്തിൽ മികച്ച നേട്ടം കൈവരിച്ച ആര്യനെയും മാതാപിതാക്കളെയും സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, ഫിസിക്കൽ എജുക്കേഷൻ വിഭാഗം, സ്റ്റാഫ്, വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.