സി.ബി.എസ്.ഇ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; എം.ഇ.എസ് സ്കൂളിന് ഇരട്ട നേട്ടം
text_fieldsദോഹ: ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന സി.ബി.എസ്.ഇ ദേശീയ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മിന്നുന്ന പ്രകടനവുമായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ ആറു വരെ നടന്ന ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണ്ണവും ഒരു വെങ്കലവും സ്വന്തമാക്കിയാണ് എം.ഇ.എസ് വിദ്യാർഥികൾ സ്കൂളിന് ഇരട്ട നേട്ടം സമ്മാനിച്ചത്.
അണ്ടർ-17 പെൺകുട്ടികളുടെ വ്യക്തിഗത വിഭാഗത്തിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ അനുശ്രീ ഷൈൻ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. വിജയത്തോടെ, സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.ജി.എഫ്.ഐ) വരാനിരിക്കുന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും അനുശ്രീ നേടി. കൂടാതെ, അണ്ടർ -17 പെൺകുട്ടികളുടെ ടീം ഇനത്തിൽ എം.ഇ.എസ് സ്കൂൾ വെങ്കല മെഡലും സ്വന്തമാക്കി. അനുശ്രീ ഷൈൻ, സയ്യിദ് റബിയാമ സഫർ എന്നിവരടങ്ങുന്ന ടീമാണ് മെഡൽ സ്വന്തമാക്കിയത്. പരിശീലക ജിജി പി. എബ്രഹാമിന്റെ ചിട്ടയായ പരിശീലനവും മാർഗനിർദേശങ്ങളും വിദ്യാർഥികളുടെ വിജയത്തിന് കരുത്തായി. ദേശീയ തലത്തിൽ മികച്ച വിജയം കൈവരിച്ച അനുശ്രീ ഷൈൻ, സയ്യിദ് റബിയാമ സഫർ, പരിശീലക ജിജി പി. എബ്രഹാം എന്നിവരെ സ്കൂൾ മാനേജ്മെന്റ്, പ്രിൻസിപ്പൽ, അധ്യാപകർ, മറ്റ് വിദ്യാർഥികൾ എന്നിവർ അഭിനന്ദിച്ചു.
ദേശീയ ചാമ്പ്യൻഷിപ്പിലെ മിന്നുന്ന പ്രകടനത്തിന് ശേഷം ദോഹയിൽ തിരിച്ചെത്തിയ ബാഡ്മിന്റൺ ടീമിന് ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പലും മറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

