ഭിന്നശേഷിക്കാർക്ക് കെയറിങ്; ദോഹ മെട്രോയിൽ 'സൺഫ്ലവർ' പദ്ധതിക്ക് തുടക്കം
text_fieldsദോഹ: പൊതുഗതാഗത സംവിധാനങ്ങൾ എല്ലാവർക്കും ഒരുപോലെ പ്രാപ്യമാക്കുന്നതിന്റെ ഭാഗമായി ദോഹ മെട്രോയിലും ലുസൈൽ ട്രാമിലും 'സൺഫ്ലവർ' പദ്ധതിക്ക് തുടക്കമായി. കാഴ്ചയിൽ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ശാരീരിക -മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന യാത്രക്കാർക്ക് സഹായകമായാണ് പദ്ധതി നടപ്പാക്കുന്നത്.
ഭിന്നശേഷി യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ റെയിലിന്റെ പുതിയ ചുവടുവെപ്പ്. ഓട്ടിസം, കാഴ്ചാപരിമിതി, കേൾവിക്കുറവ്, വിട്ടുമാറാത്ത വേദന തുടങ്ങി പുറമെ കണ്ടാൽ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയാത്ത ഭിന്നശേഷിയുള്ളവർക്ക് മെട്രോ ജീവനക്കാരുടെ പ്രത്യേക സഹായം ആവശ്യമുണ്ടെന്ന് അറിയിക്കാൻ സൺഫ്ലവർ പദ്ധതിയിലൂടെ സാധിക്കും. ഇത്തരം യാത്രക്കാർ സൺഫ്ലവർ ചിഹ്നമുള്ള ബാഡ്ജുകൾ (ലാനിയാർഡുകൾ) ധരിക്കാവുന്നതാണ്. ഇതിലൂടെ, യാത്രക്കാരന് പ്രത്യേക സഹായം ആവശ്യമാണെന്ന് ജീവനക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും.
പദ്ധതിയുടെ ഭാഗമായി മെട്രോ, ട്രാം ജീവനക്കാർക്ക് പ്രത്യേക പരിശീലനം ഇതിനകം നൽകിയിട്ടുണ്ട്. നേരത്തേ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു. ലോകമെമ്പാടും അംഗീകരിക്കപ്പെട്ട സൺഫ്ലവർ പ്രോഗ്രാം നടപ്പാക്കുന്നതിലൂടെ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും. ഇതിലൂടെ എല്ലാ യാത്രക്കാർക്കും സൗഹൃദാന്തരീക്ഷത്തൽ ആത്മവിശ്വാസത്തോടെയുള്ള യാത്ര ഉറപ്പാക്കാനും സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

