ഹുബാറ പക്ഷികൾക്ക് കരുതൽ
text_fieldsഹുബാറ പക്ഷിക്കുഞ്ഞുകളെ പരിപാലിക്കുന്നു
ദോഹ: ഖത്തരികൾ ഉൾപ്പെടെ അറബികളുടെ ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടവയാണ് ഹുബാറ ബസ്റ്റഡ് എന്ന പക്ഷി. കാഴ്ചയിൽ മലയാളികൾക്ക് പരിചിതമായ കൊക്കിനെയോ കോഴിയെയോ പോലെ തോന്നിക്കും.
എന്നാൽ, വടക്കൻ ആഫ്രിക്കയും മധ്യപൂർവേഷ്യയിലും കാണപ്പെടുന്ന ഹുബാറ അറബികളുടെ അഭിമാനമായ ഫാൽക്കൺ പക്ഷികളുടെ പ്രധാന ഇര എന്ന നിലയിലാണ് പരിചിതം. പൊന്നും വിലയുള്ള ഫാൽകൺ പക്ഷികളുമായി മരുഭൂമിയിൽ വേട്ടക്കിറങ്ങുമ്പോൾ മിന്നൽ വേഗത്തിൽ ഇവ പറന്ന് റാഞ്ചിയെടുക്കുന്നത് ഹുബാറകളെയാണ്.
വംശനാശ ഭീഷണി നേരിടുന്ന വിഭാഗങ്ങളിൽ പെടുന്ന ഹുബാറകളുടെ പാരമ്പര്യം നിലനിർത്താനും അവയുടെ പ്രജനനം ഉറപ്പാക്കാനും വലിയ പദ്ധതികളാണ് ഖത്തർ ഉൾപ്പെടെ വിവിധ രാജ്യങ്ങളും സ്ഥാപനങ്ങളും നടപ്പാക്കുന്നത്.
റൗദത് അൽ ഫറാസ് ഹുബാറ ബ്രീഡ് സെന്റർ
ഹുബാറകളുടെ വംശനാശം ഫാൽക്കൺ പക്ഷികളുടെയും വംശനാശത്തിലേക്ക് നയിക്കുമെന്നാണ് ഇന്റർനാഷനൽ ഫണ്ട് ഫോർ ഹുബാറ കൺസർവേഷൻ വിലയിരുത്തൽ. ഇതിനായി ഓരോ വർഷവും വിവിധ രാജ്യങ്ങളിലായി ഹുബാറകളുടെ പരിചരണത്തിനും വളർത്തലിനും വിവിധ പദ്ധതികളും നടപ്പാക്കുന്നുണ്ട്.
ഖത്തറിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയം നേതൃത്വത്തിൽ ഹുബാറ സംരക്ഷണത്തിലേർപ്പെടുന്ന സ്വകാര്യ പ്രോജക്ടുകൾക്ക് മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ഇതു സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ദിവസം ‘എക്സ്’ പ്ലാറ്റ്ഫോം വഴി റൗദത് അൽ ഫറാസ് സെന്ററിലെ ഹുബാറ ബ്രീഡിങ്ങിലെ വിശേഷങ്ങൾ പങ്കുവെച്ചു.
പക്ഷിയുടെ ഉൽപാദനവും പരിപാലനവും വർധിപ്പിച്ചതായും വിവിധ പ്രോജക്ടുകൾ നടപ്പാക്കുന്നതായും അധികൃതർ അറിയിച്ചു. ഹുബാറ വളർത്തൽ മേഖലയിൽ സാങ്കേതിക സൗകര്യം, മാർഗനിർദേശങ്ങൾ, പരിശീലനം, വിവിധ പഠന പ്രവർത്തനങ്ങൾ എന്നിവയും, ബ്രീഡിങ് രീതികളിലെ പരിശീലനവുമെല്ലാം സെന്റർ വാഗ്ദാനം ചെയ്യുന്നു.
സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഹുബാറ വളർത്തിന് പിന്തുണ നൽകുകയാണ് റൗദത് അൽ ഫറാസ് സെന്റർ വഴി ലക്ഷ്യമിടുന്നത്.
ഹുബാറ ഉൽപാദനത്തിനും വളർത്തലിനും താൽപര്യമുള്ള പൗരന്മാർക്ക് പ്രോത്സാഹനം നൽകുന്ന വിവിധ പാക്കേജുകളും മന്ത്രാലയം നൽകുന്നുണ്ട്. ഈ മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ തീറ്റ, ചികിത്സ, പ്രതിരോധ സാമഗ്രികൾ, ബ്രീഡിന് ആവശ്യമായ പക്ഷികൾ എന്നിവ ഉറപ്പാക്കും. റൗദത് അൽഫറാസിലെ സെന്റർ സന്ദർശിക്കാനും വിവിധ വശങ്ങൾ മനസ്സിലാക്കാനും സൗകര്യമൊരുക്കുമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

