കാർബൺ ഫ്രീ ലോകകപ്പ്; നിരത്തിലിറങ്ങുന്നത് 3000 ബസുകൾ
text_fieldsഖത്തർ ഫൗണ്ടേഷൻ കാമ്പസിൽ ഓടുന്ന ഓട്ടോണമസ് മിനി ബസ്
ദോഹ: 25 ശതമാനം ഇലക്ട്രിക് ബസുകളുൾപ്പെടെ പരിസ്ഥിതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള 3000 പരിസ്ഥിതി സൗഹൃദ ബസുകൾ ഫിഫ ലോകകപ്പിന് നിരത്തിലിറക്കുമെന്ന് ഖത്തർ. ഫിഫയുടെ ചരിത്രത്തിലെ പ്രഥമ കാർബൺ ന്യൂട്രൽ ലോകകപ്പെന്ന സംഘാടകരുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിൽ പദ്ധതി പ്രധാന പങ്കുവഹിക്കും.
ലോകകപ്പിനായുള്ള 3000 പരിസ്ഥിതി സൗഹൃദ ബസുകളിൽ മൂന്നിലൊന്ന് വാഹനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി മൊബിലിറ്റി ഡയറക്ടർ ഥാനി അൽ സർറാ പറഞ്ഞു. 3000 ബസുകളിൽ 25 ശതമാനം പൂർണമായും ഇലക്ട്രിക് ബസുകളായിരിക്കും. ബാക്കിയുള്ളവ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ളവയായിരിക്കുമെന്ന് ഥാനി അൽ സർറാ ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ലോകകപ്പിനായെത്തുന്ന മാധ്യമപ്രവർത്തകർ, ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, ആരാധകർ തുടങ്ങി എല്ലാവർക്കും ഈ ബസുകളുടെ സേവനം ലഭ്യമാകും. ടിക്കറ്റ് കൈവശമുള്ള ഫുട്ബാൾ ആരാധകർക്ക് ബസുകളിൽ സ്റ്റേഡിയത്തിലേക്കും ദോഹയിലെ പ്രധാന കേന്ദ്രങ്ങളിലേക്കും സൗജന്യ സർവിസും ലഭ്യമാകും.
അമീർ കപ്പ് ഫൈനൽ 2021, ഫിഫ അറബ് കപ്പ് തുടങ്ങിയ പ്രധാന ടൂർണമെൻറുകളിൽ ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിരുന്നു. ഖത്തറിന് പുറത്ത് നിർമിച്ച് ഖത്തറിലേക്ക് അയക്കുന്നതിനാൽ ബാച്ചുകളായാണ് ഇവിടെ എത്തുന്നത്. ഈ വർഷം ആദ്യ പാദത്തോടെ എല്ലാ ബസുകളും ഖത്തറിലെത്തും. അൽ സർറാ വിശദീകരിച്ചു.
എട്ട് സീറ്റുകളോട് കൂടിയ ഓട്ടോമാറ്റിക് മിനി ബസുകൾ, 20ഉം 36ഉം സീറ്റുകളോട് കൂടിയ വലിയ ബസുകൾ എന്നിവയാണ് നിരത്തിലിറങ്ങുക. ഇവ വിവിധ മേഖലകളിലായി വിന്യസിക്കപ്പെടും. കോർണിഷ് സ്ട്രീറ്റിന് പുറമേ ബി, സി റിങ് റോഡുകളിലും ബസ് സർവിസ് നടത്തും. സ്റ്റേഡിയങ്ങളിലേക്ക് എക്സ്പ്രസ് ബസ് പ്രത്യേകം സർവിസ് നടത്തും -ഥാനി അൽ സർറാ പറഞ്ഞു.