ഇഫ്താർ സമയമറിയിച്ച് പീരങ്കിമുഴക്കം; അറിയിപ്പുമായി ഏഴിടങ്ങളിൽ സജീവം
text_fieldsറമദാനിലെ ആദ്യ നോമ്പ് തുറയുടെ സമയം അറിയിച്ചുകൊണ്ട് സൂഖ് വാഖിഫിൽ പീരങ്കിപൊട്ടുന്നു
കതാറ കൾചറൽ വില്ലേജിൽ ഒരുക്കിയ പീരങ്കി
ദോഹ: രാത്രിനമസ്കാരവും പ്രാർഥനയും തുടങ്ങിയ ആരാധന കർമങ്ങൾക്കൊപ്പം പൈതൃകവും മുറുകെപ്പിടിച്ച് വിശ്വാസികൾ റമദാനെ വരവേറ്റു. ഇഫ്താർ സമയം മുഴക്കാൻ പീരങ്കികൾ ഇത്തവണയുമുണ്ട്. ലോകം സാങ്കേതികമായി കുതിക്കുമ്പോഴും പൈതൃകസ്മരണയായാണ് പീരങ്കി മുഴക്കം.
വൈകുന്നേരങ്ങളിൽ നോമ്പുതുറ സമയം അറിയിക്കാനാണ് പീരങ്കിമുഴക്കം. ചൊവ്വാഴ്ച റമദാൻ മാസപ്പിറ കണ്ടതിനു പിന്നാലെ ഓൾഡ് ദോഹ പോർട്ടിൽ അടക്കം പീരങ്കി മുഴക്കി. ആദ്യ നോമ്പ് പൂർത്തിയായതിനുപിന്നാലെ ഏഴിടങ്ങളിലായി ഇഫ്താർ സമയം അറിയിച്ച് പീരങ്കി മുഴങ്ങി.
സൂഖ് വാഖിഫ്: ഖത്തറിലെ സ്വദേശികൾക്കും താമസക്കാർക്കും സന്ദർശകർക്കും പ്രിയപ്പെട്ട കേന്ദ്രമായ സൂഖ് വാഖിഫിൽ ഉത്സവാന്തരീക്ഷമൊരുക്കി ഇത്തവണയും പീരങ്കി മുഴങ്ങി. ഈസ്റ്റേൺ സ്ക്വയറിലാണ് നൂറുകണക്കിന് പേരെ സാക്ഷിയാക്കി ഇഫ്താർ അറിയിപ്പായി പീരങ്കി പൊട്ടിയത്.
കതാറ കൾചറൽ വില്ലേജ്: താമസക്കാരെയും ടൂറിസ്റ്റുകളെയും ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ കതാറയിൽ പീരങ്കി സജ്ജമായി. സാംസ്കാരികാഘോഷങ്ങളുടെ പ്രധാന കേന്ദ്രമായ കതാറ കൾചറൽ വില്ലേജിൽ തെക്കുഭാഗത്തായാണ് പീരങ്കി.
ലുസൈൽ ബൊളെവാഡ്: ലുസൈൽ ബൊളെവാഡും പീരങ്കി മുഴക്കവുമായി സന്ദർശകരെ സ്വഗതംചെയ്യുന്നു.
ഓൾഡ് ദോഹ പോർട്ട്: കണ്ടെയ്നർ യാഡിലെ മിനാ പാർക്കിലാണ് പീരങ്കി. കടൽത്തീരത്ത് ഒരുക്കിയ പീരങ്കി കാണാനായി ഇന്നലെ നിരവധി സന്ദർശകർ പോർട്ടിലെത്തി.
ആസ്പയർ പാർക്ക്: കുടുംബങ്ങൾക്കും സുഹൃത്തുകൾക്കുമൊപ്പം നോമ്പ് തുറക്കാൻ തെരഞ്ഞെടുക്കുന്ന പ്രധാന ഇടമായ ആസ്പയർ പാർക്കിലും പീരങ്കിയുണ്ട്.
സൂഖ് ഐൻ ഹ്ലീതൻ: ഇഫ്താർ അറിയിപ്പുമായി ഐൻ ഹലിത്താൻ മാർക്കറ്റിലും പീരങ്കിയുണ്ട്.
സൂഖ് അൽ വക്റ: പരമ്പരാഗത മാർക്കറ്റായ സൂഖ് അൽ വക്റയിലെ വെസ്റ്റേൺ സ്ക്വയറിലാണ് പീരങ്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

