വൃക്കയിലെ അർബുദം; അതിജീവന നിരക്കിൽ വർധന
text_fieldsദോഹ: ഉയർന്ന നിലവാരത്തിലെ രോഗനിർണയവും ഏറ്റവും മികച്ച ചികിത്സയും കാരണം ഖത്തറിലെ വൃക്ക കാൻസർ അതിജീവന നിരക്ക് 60 ശതമാനത്തിലെത്തിയതായി റിപ്പോർട്ട്. രാജ്യത്തെ അതിജീവന നിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ ഉയരത്തിലാണെന്ന് ഹമദ് മെഡിക്കൽ കോർപറേഷനുകീഴിലെ നാഷനൽ കാൻസർ കെയർ ആൻഡ് റിസർച് സെന്ററിലെ (എൻ.സി.സി.സി.ആർ) സീനിയർ കൺസൾട്ടന്റായ ഡോ. അബ്ദുറഹ്മാൻ സർ ഗുൽ പറയുന്നു.
ആഗോളാടിസ്ഥാനത്തിൽത്തന്നെ വ്യാപകമാകുന്ന ഗുരുതരമായ രോഗാവസ്ഥയാണ് വൃക്കയെ ബാധിക്കുന്ന അർബുദം. ഖത്തറിൽ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷം വർധനവുണ്ടായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അർബുദ സംബന്ധമായ മരണങ്ങളുടെ പ്രധാന കാരണവും വൃക്കയിലെ അർബുദമാണ്. എന്നിരുന്നാലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഖത്തറിൽ ഈ രോഗികളുടെ എണ്ണം കുറവാണ്.
ഖത്തറിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ വൃക്കയിലെ അർബുദരോഗം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി ഉയർന്നുവന്നിട്ടുണ്ടെന്നും എന്നിരുന്നാലും കൃത്യമായ സമയത്തെ ശരിയായ രോഗനിർണയവും മികച്ച ചികിത്സയും ഉപയോഗിച്ച് രോഗികൾക്ക് ഈ രോഗത്തെ മറികടക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സാധിക്കുമെന്നും ഡോ. സർ ഗുൽ കൂട്ടിച്ചേർത്തു. ഖത്തർ നാഷനൽ കാൻസർ രജിസ്ട്രി (ക്യു.എൻ.സി.ആർ)യിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഖത്തരി പുരുഷന്മാരിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന അർബുദ രോഗങ്ങളിൽ ഏഴാമത്തേതാണ് ഇത്. അതേസമയം, സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണയായുള്ള അർബുദങ്ങളിൽ 11ാമത്തേതും.
അമേരിക്ക പോലുള്ള രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഈ നിരക്ക് താരതമ്യേന കുറവാണെന്നും അവിടെ ലക്ഷം പേരിൽ 15 കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ഡോ. ഗുൽ ചൂണ്ടിക്കാട്ടി.അർബുദത്തിന്റെ ഘട്ടം, ട്യൂമറിന്റെ വലുപ്പം, സ്ഥാനം, രോഗിയുടെ ആരോഗ്യ സാഹചര്യം എന്നിവ ഉൾപ്പെടെയുള്ള നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് ചികിത്സാ രീതികളെന്നും, സ്റ്റാൻഡേർഡ് ചികിത്സാ രീതികളിൽ ശസ്ത്രക്രിയ ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുകയും പുകവലി ഉപേക്ഷിക്കുകയും വഴി രോഗത്തെ ചെറുക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

