ലഹരിക്കെതിരെ മെട്രാഷിൽ റിപ്പോർട്ട് ചെയ്യാം
text_fieldsമെട്രാഷ് ആപ്പിലെ ലഹരി മരുന്ന് റിപ്പോർട്ടിങ് വിൻഡോ
ദോഹ: ലഹരിമരുന്ന് ഉപയോഗവും ഇടപാടും ഉൾപ്പെടെ നടപടികൾ ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കാൻ ഇനി മെട്രാഷ് ആപ്ലിക്കേഷനും ഉപയോഗിക്കാം.
പരാതിക്കാരന്റെ പേരുവിവരങ്ങൾ വെളിപ്പെടുത്താതെതന്നെ മെട്രാഷ് വഴി റിപ്പോർട്ട് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം സമൂഹമാധ്യമങ്ങൾ വഴി അറിയിച്ചു. മയക്കുമരുന്നിനെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് മെട്രാഷിലും റിപ്പോർട്ടിങ് സൗകര്യം ഏർപ്പെടുത്തിയത്.
മയക്കുമരുന്ന് ഉപയോഗത്തിന്റെ കഴിഞ്ഞ ഏതാനും ആഴ്ചകളായി കടുത്ത നടപടികളാണ് ഖത്തര്‍ ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചുവരുന്നത്. മയക്കുമരുന്ന് സംഘങ്ങളെ പിന്തുടര്ന്ന് പിടികൂടുന്ന ദൃശ്യങ്ങള്‍ മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഈ ഉദ്യമത്തില്‍ പൊതുജനങ്ങള്‍ക്കുകൂടി പങ്കാളികളാകാനുള്ള അവസരമാണ് മെട്രാഷ് ആപ്ലിക്കേഷന്‍ വഴി ഒരുക്കുന്നത്. മയക്കുമരുന്ന് ഉപയോഗം, വിൽപന, സൂക്ഷിക്കല്‍, ഇതുമായി ബന്ധപ്പെടുന്ന വാഹനങ്ങള്‍ തുടങ്ങിയ വിവരങ്ങളെല്ലാം മെട്രാഷിലെ ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഓപ്ഷനില്‍ പങ്കുവെക്കാം. ഇങ്ങനെ വിവരങ്ങള്‍ കൈമാറുന്നവരുടെ പേരും വിലാസവുമൊന്നും വെളിപ്പെടുത്തേണ്ടതില്ല.
മെട്രാഷിലെ ‘കമ്യൂണിക്കേറ്റ് വിത് അസ്’ ഓപ്ഷൻ തിരഞ്ഞെടുത്ത്, ‘ചൂസ് പ്രൊവൈഡ് ഇൻഫർമേഷൻ’ ഓപ്ഷൻ വഴിയാണ് വിവരങ്ങൾ നൽകേണ്ടത്. വിശദാംശങ്ങളും ഫോട്ടോ ഉൾപ്പെടെ വിവരങ്ങൾ ഉണ്ടെങ്കിൽ അതും പോസ്റ്റ് ചെയ്യാവുന്നതാണ്.
കര, വ്യോമ, നാവിക അതിര്‍ത്തികളില്‍ കര്‍ശന പരിശോധനക്കൊപ്പം ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് മയക്കുമരുന്നുവേട്ട സജീവമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

