ക്യാമ്പിങ് സീസൺ അവസാനിക്കുന്നു; പരിശോധനയുമായി മന്ത്രാലയം
text_fieldsക്യാമ്പിങ് മേഖലകളിൽ പരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിൽ പരിശോധന നടക്കുന്നു
ദോഹ: തണുപ്പ് കാലത്ത് സ്വദേശികൾക്കും വിദേശികൾക്കും ഉൾപ്പെടെ ഉല്ലാസകേന്ദ്രങ്ങളായി മാറിയ ശൈത്യകാല കാമ്പിങ് സീസൺ സമാപിക്കുന്നു.
മരുഭൂമികളിലും കടൽ തീരങ്ങളിലുമായി ആറു മാസത്തോളം നീളുന്ന ക്യാമ്പിങ് കാലം വരും ദിവസങ്ങളിൽ അവസാനിക്കാനിരിക്കെ പരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിൽ പരിശോധനകൾക്ക് തുടക്കമായി. പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തുടനീളമുള്ള എല്ലാ ശൈത്യകാല ക്യാമ്പിങ് പ്രദേശങ്ങളിലും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പരിശോധന നടത്തുന്നത്.
സീസൺ അവസാനിക്കുമ്പോൾ മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് ആരംഭിച്ച പരിശോധന കാമ്പയിനിൽ വടക്കൻ, മധ്യ, തെക്കൻ മേഖലകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ക്യാമ്പിങ് സൈറ്റുകളിലെ ശുചിത്വം ഉറപ്പാക്കുക, പ്രാദേശിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, പരിസ്ഥിതി നിയമലംഘനങ്ങൾ പരിശോധിക്കുക എന്നിവയാണ് പരിശോധനയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ക്യാമ്പുകൾ ആസ്വദിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വന്യജീവി സംരക്ഷണ വകുപ്പ് ഡയറക്ടറും മന്ത്രാലയത്തിലെ ശൈത്യകാല ക്യാമ്പിങ് സംഘാടക സമിതി ചെയർമാനുമായ ഹമദ് സാലിം അൽ നുഐമി പറഞ്ഞു. എല്ലാ ക്യാമ്പ് ഉടമകളും പരിസ്ഥിതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അൽ നുഐമി അഭ്യർഥിച്ചു.
പരിസ്ഥിതി ബോധം പ്രോത്സാഹിപ്പിക്കുന്നതിലും പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ക്യാമ്പ് ഉടമകൾ അവരുടെ സ്ഥലങ്ങൾ ഒഴിയുന്നുവെന്ന് ഉറപ്പാക്കുന്നതിലുമാണ് മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഖത്തറിന്റെ പരിസ്ഥിതിയെയും സമ്പന്നമായ ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെയും നിയന്ത്രണ നടപടികളുടെയും ബോധവത്കരണ പ്രവർത്തനങ്ങളുടെയും ഭാഗമാണ് ഈ പരിശോധന കാമ്പയിനുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

