നവംബറിൽ ക്യാമ്പിങ് തുടങ്ങാം
text_fieldsമരുഭൂമിയിലെ ക്യാമ്പിങ് ടെന്റുകൾ (ഫയൽ)
ദോഹ: ചൂടുകാലം കുറഞ്ഞുതുടങ്ങിയതിനു പിന്നാലെ, പുതിയ സീസണിലെ ശൈത്യകാല ക്യാമ്പിങ് നവംബറിൽ തുടങ്ങുമെന്ന് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം അറിയിച്ചു. മരുഭൂമികളിലും തീരമേഖലകളിലുമായി രാജ്യത്തിന്റെ വടക്കൻ, മധ്യമേഖലകളിലെ ക്യാമ്പിങ് സീസൺ 2023 ഏപ്രിൽ ഒന്നു വരെ നീണ്ടുനിൽക്കും.
എന്നാൽ, ലോകകപ്പ് കഴിയുന്നതു വരെ, രാജ്യത്തിന്റെ തെക്കൻ പ്രദേശമായ സീലൈൻ, ഖോർ അൽ ഉദെയ്ദ് എന്നിവടങ്ങളിലെ ക്യാമ്പിങ് ആരംഭിക്കില്ല. ഡിസംബർ 20നുശേഷം മാത്രമായിരിക്കും ഈ മേഖലകളിലെ ക്യാമ്പിങ് തുടങ്ങുന്നത്. എന്നാൽ, പ്രദേശത്തെ ക്യാമ്പിങ് മേയ് 20 വരെ നീണ്ടുനിൽക്കും. ക്യാമ്പ് ചെയ്യുന്നവർക്ക് നല്ല അനുഭവവും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ഈ പ്രദേശങ്ങളിലെ ക്യാമ്പ് മാറ്റിവെക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
സീലൈൻ, ഖോർ അൽ ഉദെയ്ദ് മേഖലകളിൽ ലോകകപ്പുമായി ബന്ധപ്പെട്ട പൈതൃക, വിനോദ പരിപാടികളുടെ വേദിയാവുന്നതിനാലാണ് ഈ പ്രദേശത്തെ ക്യാമ്പിങ് സീസൺ ദീർഘിപ്പിച്ചതെന്ന് നാച്വറൽ റിസർവ്സ് വിഭാഗം അസി. ഡയറക്ടർ സലിം ഹുഹൈൻ അൽ സഫ്റാൻ അറിയിച്ചു.
ലോകകപ്പിനെത്തുന്ന വലിയൊരു വിഭാഗം കാണികളെയാണ് ഈ മേഖലയിലേക്ക് വരവേൽക്കാൻ ഒരുങ്ങുന്നത്. ക്യാമ്പിങ് മേഖലകളുടെ രജിസ്ട്രേഷൻ നടപടികൾക്ക് ഒക്ടോബർ 16ന് തുടക്കമാവും. 27 വരെ മൂന്ന് വ്യത്യസ്ത ഘട്ടങ്ങളിലായി നടക്കും.
തെക്കൻ പ്രദേശങ്ങൾക്കുള്ള രജിസ്ട്രേഷൻ (സീലൈൻ, ഖോർ അൽ അദൈദ്) ഒക്ടോബർ 16 മുതൽ 19 വരെയും മധ്യമേഖലകളിൽ ക്യാമ്പ് ചെയ്യുന്നതിനുള്ള രജിസ്ട്രേഷൻ 20 മുതൽ 23 വരെയും വടക്കൻ പ്രദേശങ്ങൾക്കുള്ള രജിസ്ട്രേഷൻ 24 മുതൽ 27 വരെയുമാണ്.
പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഔൻ ആപ്ലിക്കേഷൻ വഴിയോ രജിസ്റ്റർ ചെയ്യാം.
അപേക്ഷയുടെ അംഗീകാരം ലഭിച്ച തീയതി മുതൽ മൂന്നു ദിവസത്തിനുള്ളിൽ ഓൺലൈനായി ഫീസടച്ചാൽ മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

