ഇറാനെതിരായ ആക്രമണങ്ങൾ മേഖലക്ക് ഭീഷണി; അപലപിച്ച് മന്ത്രിസഭ
text_fieldsപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ഖത്തർ മന്ത്രിസഭ യോഗം ചേരുന്നു
ദോഹ: ഇറാനെതിരെ ഇസ്രായേൽ തുടരുന്ന ആക്രമണങ്ങൾ മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണെന്ന് ഖത്തർ മന്ത്രിസഭയോഗം അഭിപ്രായപ്പെട്ടു. നയതന്ത്ര ശ്രമങ്ങളിലൂടെ സംഘർഷം അവസാനിപ്പിച്ച് മേഖലയിലെ സമാധാനം നിലനിർത്തണമെന്നും പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽ ഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ആവശ്യപ്പെട്ടു.
സൗഹൃദ രാഷ്ട്രമായ ഇറാനെതിരായ ഇസ്രായേലിന്റെ കടന്നാക്രമണം അപലപനീയമാണെന്നും, ഇറാന്റെ പരമാധികാരത്തിലും സുരക്ഷയിലേക്കുമുള്ള കടന്നുകയറ്റം, അന്താരാഷ്ട്ര നിയമങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും മന്ത്രിസഭ വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണ നയങ്ങൾ മേഖലയുടെ സ്ഥിരതക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്നതാണ്. ഇത്, നയതന്ത്ര പരിഹാരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു. സംഘർഷം വ്യാപിക്കുന്നത് തടയാൻ അന്താരാഷ്ട്ര സമൂഹം ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു. മേഖലയെ തുടർച്ചയായ സംഘർഷത്തിലേക്ക് നയിക്കുന്ന ഇസ്രായേൽ നയങ്ങളെ ശക്തമായി അപലപിച്ച മന്ത്രിസഭ യോഗം മറ്റു വിഷയങ്ങളും ചർച്ചചെയ്തു.
ഭിന്നശേഷിക്കാരും പ്രത്യേക പരിഗണന അർഹിക്കുന്നവരുമായ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യംവെച്ചുള്ള ശൂറാ കൗൺസിൽ നിർദേശം മന്ത്രിസഭ പരിശോധിച്ചു. സമൂഹത്തിൽ വികലാംഗരുടെ പൂർണ പങ്കാളിത്തം ഉറപ്പാക്കുക, പൊതുസമൂഹത്തിനുള്ള അടിസ്ഥാനാവകാശങ്ങളും ഭിന്നശേഷി വിഭാഗങ്ങൾക്കും ലഭ്യമാക്കുക, സമൂഹത്തിലും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് ശൂറാ കൗൺസിൽ കരട് നിയമം തയാറാക്കിയത്. അസംസ്കൃത വജ്രങ്ങളുടെ ഇറക്കുമതി, കയറ്റുമതി, കൈമാറ്റം എന്നിവ നിയന്ത്രിക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകുകയും ശൂറാ കൗൺസിലിന് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

