തൊഴിൽ മന്ത്രാലയം ഫീസിളവ്; മന്ത്രിസഭയുടെ അംഗീകാരം
text_fieldsപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം
ദോഹ: സ്വകാര്യമേഖലയിലെ തൊഴിൽ പെർമിറ്റ്, തൊഴിലാളി നിയമനം, സീൽ സർട്ടിഫിക്കേഷൻ ഉൾപ്പെടെ രേഖകളിൽ ഫീസിൽ ഇളവുനൽകാനുള്ള തൊഴിൽ മന്ത്രാലയം നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ അമിരി ദിവാനിൽ ചേർന്ന മന്ത്രിസഭ യോഗമാണ് സ്വകാര്യമേഖലയിലെ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിൽ മന്ത്രാലയം തയാറാക്കിയ കരട് പ്രമേയത്തിന് അംഗീകാരം നൽകിയത്. ഏതെല്ലാം വിഭാഗങ്ങളിലെ ഫീസുകളിലാണ് ഇളവ് പ്രാബല്യത്തിൽ വരുന്നതെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിക്കും.
കള്ളപ്പണം, ഭീകരവാദ ധനസഹായം എന്നിവക്കെതിരായ നിയമത്തിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യാനും മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച കരട് നിയമം ശൂറ കൗൺസിലിന്റെ പരിഗണനക്കായി കൈമാറാനും തീരുമാനിച്ചു. കള്ളപ്പണം വെളുപ്പിക്കലും ഭീകരവാദ ധനസഹായവും തടയുന്നതിനുള്ള ദേശീയസമിതിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ചുമതലകൾ നിർവഹിക്കുന്നതിനുമുള്ള ഫലപ്രാപ്തി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കരട് നിയമം തയാറാക്കിയത്.
2019 ലെ കാബിനറ്റ് പ്രമേയം നമ്പർ 41 പ്രകാരം പുറപ്പെടുവിച്ച നിയമത്തിലെ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് കൂടുതൽ കർക്കശനമാക്കുന്നതാണ് കരട് നിർദേശം. പൊതുനികുതി വിഭാഗം തയാറാക്കിയ കരട് നിർദേശവും മന്ത്രിസഭ യോഗം അംഗീകരിച്ചു.
കഴിഞ്ഞ ആഴ്ചയിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം ഖത്തറിന്റെ നയതന്ത്ര, ഉഭയകക്ഷി സൗഹൃദത്തിലെ നാഴികക്കല്ലായതായി മന്ത്രിസഭാ യോഗം വിലയിരുത്തി. അമേരിക്കൻ പ്രസിഡന്റും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തമ്മിലെ കൂടിക്കാഴ്ചയും വിവിധ മേഖലകളിലെ കരാറുകളും ധാരണപത്രങ്ങളും സംയുക്ത പ്രസ്താവനയും ശ്രദ്ധേയമായതായി യോഗം ചൂണ്ടിക്കാട്ടി. മേഖലയുടെയും ലോകത്തിന്റെയും സുസ്ഥിരതക്കും സമാധാനത്തിലും വഴിയൊരുക്കുമെന്നും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
മേയ് 17ന് ഇറാഖി തലസ്ഥാനമായ ബഗ്ദാദിലെ അറബ് ഉച്ചകോടിയിലെ അമീറിന്റെ സാന്നിധ്യവും പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

