ഭക്ഷ്യസുരക്ഷ ജനറൽ അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന് അംഗീകാരം
text_fieldsദോഹ: ഭക്ഷ്യസുരക്ഷക്കായി ജനറൽ അതോറിറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി.
അമീരി ദീവാനിൽ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അംഗീകാരം നൽകിയത്.
ഭക്ഷ്യസുരക്ഷ നിയന്ത്രിക്കുന്ന നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള കരട് അമീരി തീരുമാനത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ഭക്ഷണവുമായി ബന്ധപ്പെട്ട കരട് നിയമത്തിനും യോഗത്തിൽ അംഗീകാരം നൽകി ശൂറാ കൗൺസിലിലേക്ക് റഫർ ചെയ്തു.
ഭക്ഷ്യശൃംഖലയുടെ എല്ലാ ഘട്ടങ്ങളിലും ഭക്ഷണത്തിന്റെ സുരക്ഷയും അനുയോജ്യതയും ഉറപ്പാക്കുക, ഭക്ഷ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, അതുവഴി ഭക്ഷ്യസംബന്ധമായ അപകടസാധ്യതകളിൽനിന്ന് ഉപഭോക്താക്കളുടെ ആരോഗ്യത്തിനും സുരക്ഷക്കും മതിയായ സംരക്ഷണം നൽകുക തുടങ്ങിയവയാണ് കരട് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫെബ്രുവരി 17,18 തീയതികളിലായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഇന്ത്യ സന്ദർശനത്തിന്റെ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.
ഇന്ത്യൻ പ്രധാനമന്ത്രിയും രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചകളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒപ്പുവെച്ച കരാറുകളും മന്ത്രിസഭ പ്രത്യേകം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
