കോളജ് അലുമ്നി കലാവിരുന്നുമായി ‘കാക് ഫെസ്റ്റ്’
text_fieldsകാക് ഫെസ്റ്റിന്റെ വിശദാംശങ്ങൾ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: കേരളത്തിൽനിന്നുള്ള വിവിധ കോളജുകളിലെ പൂർവവിദ്യാർഥി കൂട്ടായ്മകളുടെ കോഓഡിനേഷൻ കമ്മിറ്റിയായ കോൺഫെഡറേഷൻ ഓഫ് അലുമ്നി അസോസിയേഷൻസ് ഓഫ് കേരള ഖത്തർ (കാക്) സംഘടിപ്പിക്കുന്ന ഇന്റർ കൊളീജിയറ്റ് കൾചറൽ ഫെസ്റ്റ് (തരംഗ്) ഡിസംബർ 15,16, 22 തീയതികളിൽ ഖത്തറിലെ വിവിധ വേദികളിലായി അരങ്ങേറുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിൽ വ്യക്തിഗത ഇനങ്ങളും 22ന് ഗ്രൂപ്പ് മത്സരങ്ങളും സമാപന ചടങ്ങും നടക്കും. അഞ്ചു വയസ്സ് മുതലുള്ള മത്സരാർഥികൾക്ക് പങ്കെടുക്കാൻ കഴിയുന്ന തരത്തിൽ സബ്ജൂനിയർ, ജൂനിയർ, ഇന്റർമീഡിയറ്റ്, സീനിയർ വിഭാഗങ്ങളിലായി 62 മത്സര ഇനങ്ങളാണ് സംഘടിപ്പിക്കുന്നത്.
ഭരതനാട്യം, നാടോടി നൃത്തം, ഫാൻസി ഡ്രസ്, മോണോ ആക്ട്, മാപ്പിളപ്പാട്ട്, ലളിതഗാനം, വിവിധ ഭാഷകളിലെ പ്രസംഗ മത്സരം, കഥ പറച്ചിൽ, വിവിധ ഭാഷകളിൽ പദ്യം ചൊല്ലൽ, രചന മത്സരങ്ങൾ, ഫോട്ടോഗ്രഫി എന്നിവക്കുപുറമെ വട്ടപ്പാട്ട്, ഒപ്പന, മൈം, സ്കിറ്റ്, സംഘഗാനം, സംഘനൃത്തം തുടങ്ങിയ മത്സരങ്ങളും നടക്കും.
ഓരോ കാറ്റഗറുകളിലും കൂടുതൽ പോയന്റ് നേടി വ്യക്തിഗത നേട്ടം കൈവരിക്കുന്നവരെ കുരുന്നു പ്രതിഭ, ബാലപ്രതിഭ, യുവപ്രതിഭ, കലാപ്രതിഭ എന്നീ പട്ടങ്ങൾ നൽകി ആദരിക്കും. കാക് ഫെസ്റ്റിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ ആർട്സ് ആൻഡ് സയൻസ് കോളജുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ‘കാക് ബെസ്റ്റ് മാഗസിൻ’ അവാർഡും നൽകും. വിവിധ കോളജുകളിൽ നിന്നായി നിരവധി എൻട്രികൾ മാഗസിൻ അവാർഡിനായി ലഭിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിൽ നിന്നുള്ള 21ൽപരം പ്രമുഖ കോളജുകളുടെ അലുമ്നി അസോസിയേഷനുകൾ ഭാഗമാകുന്ന കാക് ഖത്തർ എല്ലാ വർഷവും അതിവിപുലമായാണ് കാക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഈ വർഷം 14 കോളജുകൾ സജീവമായി മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റിക്കും വിധിനിർണയവുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ വിദഗ്ധർ ഉൾപ്പെടുന്ന ഏഴംഗ അപ്പീൽ കമ്മിറ്റിക്കും രൂപം നൽകി.
കാക് ഖത്തർ പ്രസിഡന്റ് സി.കെ. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി സിറാജുദ്ദീൻ ഇബ്രാഹിം, ട്രഷറർ ഗഫൂർ കാലിക്കറ്റ്, ഷഹനാസ് ബാബു, ഡ്രീം പ്രോപ്പർട്ടീസ് സി.ഇ.ഒ മുഹമ്മദ് ഷഫീഖ്, സുബൈർ പാണ്ഡവത്ത്, സാം കുരുവിള, ആശ ഗോപകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

