റോഡുമാർഗം സൗദി, യു.എ.ഇ സന്ദർശനം എങ്ങനെ?
text_fieldsഫിറോസ് നാട്ടു (ജനറൽ മാനേജർ, ഗോ മുസാഫർ ഡോട്കോം)
ദോഹ: സർക്കാർ, ബാങ്ക് മേഖലകളിൽ ഒരാഴ്ചയിലേറെ അവധി ലഭിച്ചതോടെ മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരും കുറവല്ല. ദോഹ-ദുബൈ സെക്ടറിൽ ൈഫ്ല ദുബൈ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ടിക്കറ്റ് നിരക്ക് 900 റിയാലിന് മുകളിലാണ് വെള്ളി, ശനി ദിവസങ്ങളിലെ ചാർജ്. ഈ സാഹചര്യത്തിലാണ് കുടുംബങ്ങൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ആയി ദുബൈ, സൗദി ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിലേക്ക് യാത്രചെയ്യാൻ പ്രവാസികളും ആഗ്രഹിക്കുന്നത്. ഇത്തരം അന്വേഷണങ്ങൾ നിരവധി ലഭിക്കുന്നതായി ഗോ മുസാഫർ ജനറൽ മനേജർ ഫിറോസ് നാട്ടു പറയുന്നു.
റോഡുമാർഗം സൗദി, യു.എ.ഇ സന്ദർശിക്കാൻ വേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് അദ്ദേഹം വായനക്കാർക്കായി വിശദീകരിക്കുന്നു.
'റോഡുമാർഗം യു.എ.ഇയിലേക്കും സൗദിയിലേക്കും സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം സൗദി സർക്കാറിന്റെ മൾട്ടിപ്പ്ൾ റീ എൻട്രി വിസ സ്വന്തമാക്കുകയാണ് ആദ്യ നടപടി. ട്രാവൽസുകൾ വഴി മൾട്ടിപ്പ്ൾ റീഎൻട്രി വിസ ലഭ്യമാവുന്നതാണ്. 2000 -2500 റിയാലാണ് ഇതിനായി വേണ്ടത്. ഒരു വർഷം വരെ കാലാവധിയുള്ള ഈ വിസ ഉപയോഗിച്ച് എത്ര തവണ വേണമെങ്കിലും സൗദിയിലെത്താവുന്നതാണ്. ഒരാഴ്ച വരെ കാലയളവിനുള്ളിൽ വിസ ലഭ്യമാവും.
യാത്ര ചെയ്യുന്നത് സ്വന്തം പേരിലുള്ള വാഹനത്തിലായിരിക്കണം. ബാങ്ക് ഹൈപോതികേഷൻ ഉള്ള വാഹനമാണെങ്കിൽ ബാങ്കിൽനിന്നുള്ള എൻ.ഒ.സി, കമ്പനിയുടെ വാഹനമാണെങ്കിൽ ബന്ധപ്പെട്ടവരിൽ നിന്നുള്ള എൻ.ഒ.സിയും വേണം. റോഡ് ഇൻഷുറൻസ്, വാഹന ഇൻഷുറൻസ് എന്നിവയാണ് മറ്റൊരു അവശ്യ ഘടകം.
അതിർത്തിയിൽവെച്ചുതന്നെ ചുരുങ്ങിയ തുകക്ക് രണ്ടും സ്വന്തമാക്കാം.
യു.എസ് വിസയുള്ളവരാണെങ്കിൽ മറ്റ് വിസകളില്ലാതെ തന്നെ യു.എ.ഇയിൽ പ്രവേശിക്കാവുന്നതാണ്. അല്ലാത്തവർക്ക് ടൂറിസ്റ്റ് വിസയിൽ അതിർത്തി കടക്കാം.
ചെലവ് വരുമെങ്കിലും അവധിക്കാലത്ത് ദൈർഘ്യമേറിയ യാത്രയും വിനോദവും ഇഷ്ടപ്പെടുന്ന ഖത്തർ പ്രവാസികൾക്ക് കോവിഡാനന്തര കാലത്തെ മികച്ച യാത്രാ പാക്കേജ് കൂടിയാണ് റോഡ് മാർഗമുള്ള സൗദി, യു.എ.ഇ സന്ദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

