അനുമതിയില്ലാതെ കെട്ടിടങ്ങൾ വിഭജിച്ചാൽ വൻശിക്ഷ
text_fieldsദോഹ: താമസസൗകര്യങ്ങൾക്കായുള്ള കെട്ടിടങ്ങൾ അനുമതിയില്ലാതെ വിഭജിക്കുന്നത് സംബന്ധിച്ച് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിെൻറ കർശന മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് ‘ഗൾഫ് ടൈംസ്’ പത്രത്തിൽ മന്ത്രാലയം പരസ്യം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് നോട്ടീസിൽ പറയുന്നു. െറസിഡന്ഷ്യല് സൗകര്യങ്ങള്‍ ലൈസന്‍സില്ലാതെ അനധികൃതമായി വിഭജനം നടത്തുന്നത് കടുത്തനിയമലംഘനമാണ്. അധികൃതരുടെ അനുമതിയില്ലാതെ െറസിഡന്ഷ്യല് വില്ലകളും വീടുകളും വിഭജിക്കരുത്. മലയാളികളടക്കം റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്നവർ കെട്ടിടങ്ങൾ വാടകക്കെടുത്ത് പാർട്ടീഷൻ ചെയ്ത് നിരവധി പേർക്ക് വാടകക്ക് നൽകുന്നത് വ്യാപകമാണ്.
വില്ലയും അപ്പാർട്മെൻറും വിഭജിച്ചുള്ള വാടകക്ക് നല്‍കുന്നതിനെതിരെ മുനിസിപ്പാലിറ്റിക്ക് ശക്തമായ നടപടിയെടുക്കാന്‍ നിലവിലുള്ള കെട്ടിടനിയമത്തില്‍ ഭേദഗതി വരുത്തി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി 2014ലെ എട്ടാം നമ്പര്‍ നിയമം പുറപ്പെടുവിച്ചിരുന്നു. കെട്ടിടനിയമം 1985ലെ നാലാം നമ്പര്‍ വകുപ്പാണ് ഭേദഗതി ചെയ്തത്. നിലവിലുള്ള കെട്ടിടത്തില്‍ എന്തു മാറ്റം വരുത്തണമെങ്കിലും മുനിസിപ്പാലിറ്റിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഇക്കാര്യം ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം വീണ്ടും മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അനുമതിയില്ലാതെ കെട്ടിടം വിഭജിച്ചാല്‍ ചതുരശ്രമീറ്ററിന് 250 റിയാല്‍ മുതല്‍ 500 റിയാല്‍വരെയാണ് മന്ത്രാലയം പിഴയീടാക്കുക. മറ്റു പിഴകളുമുണ്ട്.
അനധികൃത വില്ല വിഭജനത്തിനുള്ള പിഴകള്‍ ഉൾപ്പെടെ വിശദാംശങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ഒരു അനധികൃത സ്ക്വയര്‍മീറ്ററിന് 200 മുതല്‍ 400 റിയാല്‍വരെയും ഈടാക്കും. നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന കരാറുകാരന് 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ നല്‍കേണ്ടിവരുക. അനധികൃത വിഭജനം തെളിവു സഹിതം കണ്ടെത്തുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതോടെ ബന്ധപ്പെട്ട മുനിസിപ്പാലിറ്റിയുടെ ഡയറക്ടര്‍ക്ക് കഹ്റമയുമായി ബന്ധപ്പെട്ട് അവിടേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ വ്യവസ്ഥയുണ്ട്.
അനധികൃതമായി വില്ലകള്‍ വിഭജിച്ചിരിക്കുന്നത് കണ്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. ആവശ്യമെങ്കില്‍ ബന്ധപ്പെട്ട മുനിസിപ്പാലിറ്റി ഡയറക്ടര്‍ക്ക് സുരക്ഷ അതോറിറ്റികളുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കല്‍ തീരുമാനം നിര്‍ബന്ധിതമായി നടപ്പാക്കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
