നവകേരള നിര്‍മിതിക്ക് ദിശാബോധം നല്‍കുന്ന ബജറ്റ് -കെ. സൈനുല്‍ ആബിദീന്‍
text_fieldsകെ. സൈനുൽ ആബിദീൻ, മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ്
ദോഹ: മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരള ബജറ്റ് മുന്‍കാലങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവും, പുതിയ ദിശാബോധം നല്‍കുന്നതുമാണെന്ന് മുസ്‍ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ. സൈനുൽ ആബിദീൻ അഭിപ്രായപ്പെട്ടു. കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും, കൃത്യമായ മുന്‍ഗണനകള്‍ നിശ്ചയിച്ച്, സാധാരണക്കാരന്റെ കണ്ണീരൊപ്പാനും നാടിന്റെ അടിസ്ഥാന സൗകര്യങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും ബജറ്റിന് സാധിച്ചിട്ടുണ്ട്. കേരളത്തെ പുതിയ ലക്ഷ്യത്തിലേക്ക് നയിക്കാന്‍ പോന്ന ശക്തമായ ‘വിഷനും മിഷനും’ ഈ ബജറ്റിലുണ്ട്.
സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ട് തന്നെ നാടിന്റെ ഉല്‍പാദനക്ഷമത എങ്ങനെ വർധിപ്പിക്കാമെന്ന പ്രായോഗിക ബുദ്ധിയാണ് ബജറ്റിൽ ദൃശ്യമാകുന്നത്. അതില്‍ ഏറ്റവും എടുത്തുപറയേണ്ടത് അടിസ്ഥാന സൗകര്യ വികസനത്തിന് ബജറ്റ് നല്‍കിയിരിക്കുന്ന വലിയ പ്രാധാന്യമാണ്. റോഡുകള്‍, പാലങ്ങള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയുടെ നവീകരണത്തിനായി നീക്കിവെച്ച തുകകള്‍ വരാനിരിക്കുന്ന വലിയൊരു സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ അടിത്തറയാണ്.
ചെറുതും വലുതുമായ എല്ലാ വിഷയങ്ങളെയും തൊട്ടറിഞ്ഞാണ് ഈ ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. സമൂഹത്തിലെ ഏറ്റവും താഴേത്തട്ടിലുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ മുതല്‍ ഉയര്‍ന്ന തലത്തില്‍ ചിന്തിക്കുന്ന സംരംഭകരെ വരെ ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട്.. പരമ്പരാഗത മേഖലകളായ കൃഷി, കയര്‍, കശുവണ്ടി, കൈത്തറി എന്നിവയുടെ പുനരുദ്ധാരണം തൊട്ട് ആധുനിക സാങ്കേതികവിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, കൃത്രിമബുദ്ധി (എ.ഐ) വരെയുള്ള വൈവിധ്യമാര്‍ന്ന മേഖലകളെ ബജറ്റ് അഭിസംബോധന ചെയ്യുന്നത് ചെറിയ കാര്യമല്ല.
വിദേശത്തും സ്വദേശത്തുമുള്ള നിക്ഷേപകരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ വിപ്ലവകരമായ നയമാറ്റമാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ വിഭാഗം നിക്ഷേപകരെയും കടന്നുവരാന്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന പ്രഖ്യാപനം പ്രവാസ ലോകവും വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. നാടിന്റെ സമ്പദ്വ്യവസ്ഥയുടെ ജീവനനാഡിയായ പ്രവാസി മലയാളി സമൂഹം ഇന്ന് കേവലം പണമയക്കുന്നവര്‍ മാത്രമല്ല, മറിച്ച് വലിയ സംരംഭക ശേഷിയുള്ളവര്‍ കൂടിയാണ്. ചുവപ്പുനാടകളുടെ കെട്ടുപാടുകള്‍ അറുത്തുമാറ്റി, വ്യവസായ സൗഹൃദ അന്തരീക്ഷം യാഥാര്‍ത്ഥ്യമാക്കുമെന്ന ഉറപ്പ് നിക്ഷേപകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുമെന്നതില്‍ സംശയമില്ല.
സാമൂഹിക നീതിയിലും തുല്യതയിലും അധിഷ്ഠിതമായ വികസന മാതൃകയാണ് ലീഗ് എക്കാലത്തും വിഭാവനം ചെയ്തിട്ടുള്ളത്. പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെയും മലയോര-തീരദേശ നിവാസികളുടെയും പുരോഗതി ഉറപ്പാക്കാതെ കേരളത്തിന് മുന്നോട്ട് പോകാനാകില്ല.
ഈ യാഥാർഥ്യം ഉള്‍ക്കൊണ്ടുകൊണ്ട്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന ശൈലിയാണ് മുസ്‍ലിം ലീഗ് കൂടി കക്ഷിയായ സര്‍ക്കാറിന്റെ ഈ ബജറ്റിന്റെ അന്തസ്സത്ത. ദാരിദ്ര്യ നിർമാര്‍ജനം, സാമൂഹിക സുരക്ഷാ പെന്‍ഷനുകളുടെ കൃത്യമായ വിതരണം, വിലക്കയറ്റം തടയാനുള്ള വിപണി ഇടപെടലുകള്‍ എന്നിവയിലൂടെ സാധാരണക്കാരന് ജീവിക്കാനുള്ള വക ഉറപ്പാക്കാന്‍ ബജറ്റിന് കഴിഞ്ഞിട്ടുണ്ടെന്നും സൈനുൽ ആബിദീൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

