ഖത്തർ-മാലദ്വീപ് ട്രാവൽ ബബ്ൾ ഹോളിഡേയ്സ് കാലയളവ് നീട്ടി
text_fieldsദോഹ: ഖത്തറിനും മാലദ്വീപുകൾക്കും ഇടയിലുള്ള ജനപ്രിയമായ ട്രാവൽ ബബ്ൾ ഹോളിഡേയ്സ് പാക്കേജുകളുടെ കാലയളവ് ദീർഘിപ്പിച്ചതായി ഖത്തർ എയർവേസ്. യാത്രക്കാരുടെയും സഞ്ചാരപ്രിയരുടെയും ആവശ്യം കണക്കിലെടുത്ത് 2021 ഫെബ്രുവരി അഞ്ച് വരെയാണ് പാക്കേജ് കാലയളവ് ദീർഘിപ്പിച്ചത്. ചുരുങ്ങിയത് അഞ്ച് രാത്രികൾ നീണ്ടുനിൽക്കുന്ന പാക്കേജിൽ ഖത്തറിൽ നിന്നും മാലദ്വീപുകളിലേക്കുള്ള അവസാന തീയതി 2021 ജനുവരി 31നായിരിക്കുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു. ഖത്തർ എയർവേസ് ഹോളിഡേയ്സ് വെബ്സൈറ്റ് വഴിയോ പ്രാദേശിക ട്രാവൽ ഏജൻസികൾ വഴിയോ ജനുവരി 15 വരെ പാക്കേജുകൾ ബുക്ക് ചെയ്യാം. സ്വദേശികൾക്കും പ്രവാസികൾക്കും അവധിക്കാലം ആഘോഷിക്കുന്നതിന് ഖത്തർ എയർവേസ് പുറത്തിറക്കിയ കോവിഡ് കാല പാക്കേജാണ് ട്രാവൽ ബബ്ൾ ഹോളിഡേയ്സ്. ക്വാറൻറീനോ ഐസലേഷനോ റീ എൻട്രി പെർമിറ്റോ ഇല്ലാതെ മാലദ്വീപിൽ അവധിക്കാലം ആഘോഷിച്ച് തിരിച്ചുവരാനുള്ള സൗകര്യമാണ് ട്രാവൽ ബബ്ൾ ഹോളിഡേയ്സ് നൽകുന്നത്. ഖത്തർ പുറത്തിറക്കുന്ന കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ മാലദ്വീപുകൾ ഉൾപ്പെട്ടതിന് പിന്നാലെയാണ് ഖത്തർ എയർവേസ് പാക്കേജ് പ്രഖ്യാപിച്ചത്. ഖത്തരി സ്വദേശികൾക്കും ഇവിടെ താമസിക്കുന്ന പ്രവാസികൾക്കുമാണ് പുതിയ പാക്കേജ് ലഭ്യമാവുക. ഖത്തറിൽ നിന്നും മാലദ്വീപിലേക്കും തിരിച്ച് ഖത്തറിലേക്കുമുള്ള വിമാന ടിക്കറ്റ്, താമസം, എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്കും തിരിച്ച് എയർപോർട്ടിലേക്കുമുള്ള യാത്ര, നികുതികൾ എന്നിവയടങ്ങുന്നതാണ് പാക്കേജ്. പാക്കേജുമായി കൂടുതൽ വിവരങ്ങൾക്ക് ഖത്തർ എയർവേസ് ഹോളിഡേയ്സിെൻറ വെബ്സൈറ്റ് സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

