അഫ്ഗാനിൽനിന്ന് രണ്ട് പൗരന്മാർക്ക് മോചനം, ഖത്തറിനെ പ്രശംസിച്ച് ബ്രിട്ടൻ
text_fieldsദോഹ: അഫ്ഗാനിസ്താനിൽ തടങ്കലിൽ കഴിഞ്ഞിരുന്ന രണ്ട് ബ്രിട്ടീഷ് പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഖത്തർ വഹിച്ച ക്രിയാത്മകമായ പങ്കിനെ പ്രശംസിച്ച് ബ്രിട്ടൻ.
ബ്രിട്ടീഷ് പൗരന്മാരെ മോചിപ്പിക്കുന്നതിൽ ഖത്തർ വഹിച്ച നിർണായക പങ്കിന് ആദരമർപ്പിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ, വളരെക്കാലമായി കാത്തിരുന്ന ഈ വാർത്ത അവർക്കും അവരുടെ കുടുംബത്തിനും വലിയ ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിന്റെ മധ്യസ്ഥതയിലൂടെ പൗരന്മാരെ മോചിപ്പിച്ചതിൽ ബ്രിട്ടന്റെ മറ്റൊരു മന്ത്രി ഹമീഷ് ഫാൽക്കണർ സന്തോഷം പ്രകടിപ്പിച്ചു. വിഷയത്തിൽ ഖത്തർ നിർണായക പങ്ക് വഹിച്ചു. മിഡിൽ ഈസ്റ്റിലെയും മറ്റു സംഘർഷ മേഖലകളിലും മധ്യസ്ഥത വഹിക്കുന്നതിൽ ഖത്തർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിസ്താനിൽ തടവിലാക്കപ്പെട്ട യു.കെ പൗരന്മാരായ പീറ്റർ റിനോൾഡ്സിനെയും അദ്ദേഹത്തിന്റെ ഭാര്യ ബാർബി റിനോൾഡ്സിനെയും മോചിപ്പിപ്പിക്കുന്നതിനായി ശ്രമങ്ങൾ നടത്തിയതായും അവർ ദോഹയിലെത്തിയതായും ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ പ്രതിനിധികൾ അറിയിച്ചു.
അവർ പിന്നീട് ലണ്ടനിലേക്ക് തിരിക്കും. മോചനക്കാര്യത്തിൽ യു.കെയും അഫ്ഗാനിസ്താനിലെ കാവൽ ഭരണകൂടവും പ്രകടിപ്പിച്ച ഫലപ്രദമായ സഹകരണത്തിന് വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പ്രസ്താവനയിൽ അഭിനന്ദനം അറിയിച്ചു.
മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിലും അവകാശങ്ങൾ സംരക്ഷിക്കുന്നതിലുമുള്ള സഹകരണത്തിൽ ഖത്തറിന്റെ വിശ്വാസത്തെയും നേരിട്ടുള്ള സംഭാഷണത്തിന് ഖത്തർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. ജീവൻ സംരക്ഷിച്ചും അവകാശങ്ങൾ ഉറപ്പാക്കിയും മാനുഷിക മൂല്യങ്ങൾ ശക്തിപ്പെടുത്താൻ ഖത്തർ എപ്പോഴും മധ്യസ്ഥതയിലൂടെ പരിശ്രമിക്കുമെന്ന് പ്രസ്താവന കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

