കളിയാവേശത്തിനു മുമ്പേ കൗമാരക്കാരെത്തി
text_fieldssouth american visit2- അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി ഖത്തറിലെത്തിയ ബ്രസീൽ ക്ലബ് പാൽമിറസ് ടീം അംഗങ്ങൾ അൽ ജനൂബ് സ്റ്റേഡിയത്തിൽ
ദോഹ: വർഷാവസാനം നടക്കുന്ന കൗമാര ലോകകപ്പിലേക്കുള്ള ടീമുകളെല്ലാം യോഗ്യത ഉറപ്പാക്കിയതിനു പിന്നാലെ, മറ്റൊരു വിശ്വമേളയുടെ ആവേശത്തെ വരവേൽക്കാൻ ഒരുങ്ങി ആതിഥേയരായ ഖത്തർ. നവംബർ മൂന്നു മുതൽ 27 വരെ നീണ്ടുനിൽക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പിന് ഇനി 190 ദിവസത്തിൽ താഴെ ദിനങ്ങൾ മാത്രമാണുള്ളത്. കൗമാര ഫുട്ബാളിലെ പ്രതിഭകൾ മാറ്റുരക്കുന്ന മേളയിൽ പന്തു തട്ടുന്ന 48 ടീമുകളും ഉറപ്പായിക്കഴിഞ്ഞു.ആഫ്രിക്ക, തെക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യൻ യോഗ്യതകൾ സമാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ 48 ടീമുകളുടെ പട്ടിക ഫിഫ പുറത്തിറക്കുകയും ചെയ്തു.
ഇനി, കളിയുടെ കൗമാരോത്സവത്തിന് ഒരുങ്ങാനുള്ള നാളുകളാണ്. 2022ൽ ലയണൽ മെസ്സിയും അർജന്റീനയും വിശ്വകിരീടമണിഞ്ഞ ലോകകപ്പ് വേദിയിലേക്ക് ആവേശത്തോടെ പറന്നിറങ്ങാൻ ഒരുങ്ങുന്ന നാളെയുടെ താരങ്ങൾക്കായി ആതിഥേയ മണ്ണ് നേരത്തേ പരവതാനി വിരിച്ചുകഴിഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയതിനു പിന്നാലെ തെക്കനമേരിക്കൻ താരങ്ങളുടെ നിര കഴിഞ്ഞ ദിവസങ്ങളിലായാണ് ഖത്തറിലെത്തിയത്.
അർജന്റീനയുടെയും ബ്രസീലിന്റെയും കൗമാര ടീമുകളുടെ ഭാഗമായ താരങ്ങളുമായി പ്രമുഖ ക്ലബുകളായ റിവർേപ്ലറ്റും പാൽമിറസും ഇതിനകം ഖത്തറിലെത്തി പരിശീലന മൈതാനങ്ങളും ലോകകപ്പ് സ്റ്റേഡിയങ്ങളും സന്ദർശിക്കുകയും പന്ത് തട്ടുകയും ചെയ്തു. അർജന്റീന ക്ലബായ റിവർേപ്ലറ്റിലും ബ്രസീലിയൻ ക്ലബായ പാൽമിറസിലും ലോകകപ്പിന്റെ ഭാഗമാകുന്ന നിരവധി കൗമാരതാരങ്ങളുമുണ്ടായിരുന്നു. ലോകകപ്പ് ആതിഥേയ മണ്ണിനെ കളിക്കാർക്ക് പരിചയപ്പെടുത്തുകയെന്ന തെക്കനമേരിക്കൻ ഫുട്ബാൾ ഫെഡറേഷൻ ‘കോൺമിബോൾ’ പദ്ധതിയുടെ ഭാഗമായാണ് ക്ലബുകളുടെ മേൽവിലാസത്തിൽ താരങ്ങൾക്ക് ഖത്തർ പര്യടനമൊരുക്കിയത്.
ടീമുകൾക്കുള്ള താമസ സജ്ജീകരണങ്ങൾ, മത്സര-പരിശീലന വേദികൾ, ആതിഥേയ നാടിന്റെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നേരിട്ട് അറിയാനുള്ള യൂത്ത് ഡെവലപ്മെന്റ് പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം. കളിക്കാർ അൽ ജനൂബ് സ്റ്റേഡിയം സന്ദർശിക്കുകയും 2022 ലോകകപ്പ് പരിശീലന വേദികളിൽ പന്തു തട്ടുകയും ചെയ്തു.
ലോകകപ്പ് ഫുട്ബാൾ വേദിയായ ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സ്റ്റേഡിയങ്ങളുടെ നിലവാരത്തെയും പ്രശംസിച്ചുകൊണ്ടാണ് ക്ലബ് താരങ്ങളും പരിശീലകരും ഖത്തറിൽനിന്ന് മടങ്ങിയത്. റിവർേപ്ലറ്റിന്റെ കൗമാര താരം തിയാരോ മരിൻ ബ്വേനസ് ഐയ്റിസിൽനിന്നാണ് വരുന്നത്. ഖത്തർ സന്ദർശിക്കാൻ കഴിഞ്ഞതിന്റെയും മെസ്സി ഉൾപ്പെടെ താരങ്ങൾ കിരീടമണിഞ്ഞ മണ്ണിലെത്തിയതിന്റെയും സന്തോഷം പങ്കുവെച്ചാണ് അർജന്റീനയുടെ ഭാവി താരം മടങ്ങുന്നത്.
സംഘത്തിലെ എല്ലാവരും ആദ്യമായാണ് ഖത്തർ സന്ദർശിക്കുന്നതെന്നും, രാജ്യത്തെ കാഴ്ചകൾ ഓരോരുത്തരെയും അതിശയപ്പെടുത്തിയെന്നും തെക്കനമേരിക്കൻ ഫെഡറേഷൻ വനിത ഫുട്ബാൾ സസ്റ്റയ്നബിലിറ്റി മേധാവി ഫബിമർ ബെനവിഡസ് പറയുന്നു. ഞങ്ങളുടെ ടീം അംഗങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഓരോ കാഴ്ചയും.
സ്റ്റേഡിയങ്ങളും അടിസ്ഥാന സൗകര്യങ്ങളും അവരെ വിസ്മയിപ്പിച്ചു. ഈ കാഴ്ചകൾ അവരുടെ സ്വപ്നങ്ങൾക്ക് പ്രചോദനം നൽകുന്നതാണ്. ഈ വർഷമല്ലെങ്കിലും തുടർന്നുള്ള വർഷങ്ങളിൽ ഖത്തറിൽ നടക്കുന്ന ഒരു ലോകകപ്പിന്റെ ഭാഗമാകാനുള്ള ആഗ്രഹങ്ങൾ അവരിൽ തീവ്രമാക്കുന്നു -ഫബിമർ ബെനവിഡസ് പറഞ്ഞു.
അണ്ടർ 17 ലോകകപ്പ് ഏറ്റവും മികച്ച അനുഭവമായി മാറുമെന്ന് ഉറപ്പുണ്ട്. സ്റ്റേഡിയം ഉൾപ്പെടെ സൗകര്യങ്ങൾ ഉന്നത നിലവാരത്തിലുള്ളതാണ്. അർജന്റീന ലോകകിരീടമണിഞ്ഞ വേദിയിൽ കൗമാരതാരങ്ങൾ കളിക്കാനെത്തുന്നത് അവർക്കുതന്നെ പ്രചോദനം നൽകുന്നതാണ് -റിവർ േപ്ലറ്റ് യൂത്ത് കോച്ച് യുവാൻ ബോറെല്ലി പറഞ്ഞു.
ലോകകപ്പിൽ ബ്രസീൽ ടീമിന്റെ ഭാഗമായി ഖത്തറിൽ കളിക്കാൻ വരുന്നത് സ്വപ്നമാണെന്ന് പാൽമിറസ് ടീമിന്റെ ഭാഗമായ ഗുസ്താവോ ബെർടോസി പറഞ്ഞു.
ഖത്തറിലേക്ക് അവർ 48 സംഘം
ദോഹ: ഈ വർഷം നവംബറിൽ ഖത്തർ വേദിയാകുന്ന ഫിഫ അണ്ടർ 17 ലോകകപ്പിൽ പങ്കെടുക്കുന്ന 48 ടീമുകൾ ആരെന്നുറപ്പായി. വിവിധ വൻകരകളിലെ യോഗ്യത മത്സരങ്ങൾ പൂർത്തിയായതോടെയാണ് ചിത്രം തെളിഞ്ഞത്. ഇതാദ്യമായി 48 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും 2025 ഖത്തർ പതിപ്പിനുണ്ട്. 2029 വരെ തുടർച്ചയായി അഞ്ചു വർഷങ്ങളിൽ അണ്ടർ 17 ലോകകപ്പ് വേദിയും ഖത്തറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

