വ്യാപാര -ലോജിസ്റ്റിക്സ് മേഖലയിൽ കുതിപ്പ്; ഡിസംബറിൽ റെക്കോഡ് ചരക്ക് നീക്കം
text_fieldsദോഹ: ഡിസംബറിൽ ഖത്തറിന്റെ വ്യാപാര, ലോജിസ്റ്റിക്സ് മേഖലകൾ മികച്ച പ്രകടനം കാഴ്ചവെച്ചതായി കസ്റ്റംസ് ജനറൽ അതോറിറ്റി (ജി.എ.സി). രാജ്യത്തെ വിവിധ തുറമുഖങ്ങളിലൂടെ വൻതോതിൽ ചരക്ക് നീക്കവും കസ്റ്റംസ് ഡിക്ലറേഷനുകളും നടന്നതായി ജി.എ.സി പുറത്തുവിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഖത്തറിന്റെ കര, വ്യോമ, സമുദ്ര വ്യാപാര -ഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമതയും വ്യാപ്തിയും ഇത് എടുത്തുകാണിക്കുന്നു.
ഏറ്റവും കൂടുതൽ ചരക്ക് നീക്കം നടന്നത് ആകാശമാർഗമാണ്. ഡിസംബറിൽ 5,68,658 ടൺ ചരക്കാണ് എയർ കാർഗോ വഴി കൈമാറ്റം ചെയ്തത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും ഖത്തർ എയർവേസ് കാർഗോയുടെ വിപുലമായ ശൃഖലയും കരുത്തുമാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രാദേശിക വ്യാപാരത്തിൽ നിർണായകമായ കരമാർഗം വഴി 21,423 ടൺ ചരക്ക് നീക്കവും നടന്നു. ഖത്തറിന്റെ കരമാർഗമുള്ള ചരക്ക് നീക്കം സ്ഥിരതയാർന്ന പ്രവർത്തനം തുടരുന്നതായി ഇത് സൂചിപ്പിക്കുന്നു. പ്രാദേശിക വ്യാപാരവും ആഭ്യന്തര വിപണിയിലേക്കുള്ള സാധനങ്ങളുടെ വിതരണവും കൈമാറ്റവും കരമാർഗമുള്ള ചരക്ക് നീക്കത്തിലൂടെയാണ് നടക്കുന്നത്.
അതേസമയം, സമുദ്രപാതയിലൂടെയുള്ള ചരക്ക് കൈമാറ്റം ഡിസംബറിൽ 17,810 ടണ്ണിലെത്തി. ഇത് ഖത്തറിന്റെ സമ്പദ്‌വ്യവസ്ഥയിൽ സമുദ്ര വ്യാപാരത്തിന്റെ പ്രാധാന്യം അടിവരയിടുന്നു. കണ്ടെയ്നർ, ബൾക്ക് ചരക്കുകളുടെ പ്രധാന കവാടമായി ഹമദ് തുറമുഖം തുടരുന്നതായും ജി.എ.സി കണക്കിൽ പറയുന്നു.
അതേസമയം, ഡിസംബറിൽ ആകെ 6,07,891 കസ്റ്റംസ് ഡിക്ലറേഷനുകളാണ് പ്രോസസ്സ് ചെയ്തത്. ഇറക്കുമതി, കയറ്റുമതി, ചരക്കു ഗതാഗതം തുടങ്ങിയ മേഖലകളിലെ സജീവതയെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഡിജിറ്റൽ സംവിധാനമായ 'അൽ നദീബ്' വഴിയുള്ള പ്രവർത്തനങ്ങൾ കസ്റ്റംസ് നടപടികൾ വേഗത്തിലാക്കാനും സുതാര്യമാക്കാനും സഹായിച്ചു. ഈ സംവിധാനം റിസ്ക് മാനേജ്മെന്റ് മെച്ചപ്പെടുത്തി, ക്ലിയറൻസ് സമയം കുറക്കുകയും, കസ്റ്റംസ് അധികാരികളും സ്വകാര്യ മേഖലയും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുകയും ചെയ്തു.
ആഗോള സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഖത്തറിന്റെ വ്യാപാര ശൃംഖല ശക്തമാണെന്ന് ചരക്കു നീക്കത്തിലെ വർധനവ് വ്യക്തമാക്കുന്നു. അത്യാധുനിക പരിശോധനാ സാങ്കേതികവിദ്യകളും അന്താരാഷ്ട്ര സഹകരണവും വഴി ഖത്തറിനെ ലോകത്തെ മുൻനിര വ്യാപാര ഹബ്ബാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഡിജിറ്റൽ സേവനങ്ങളുടെ വിപുലീകരണത്തിലൂടെ ബിസിനസ് നടപടികൾ കൂടുതൽ ലളിതമാക്കുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

