ദോഹ: ഉപയോഗിച്ച പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്ന കതാറ കൾച്ചറൽ വില്ലേജിെൻറ കാമ്പയിൻ തുടർച്ചയായ രണ്ടാം വർഷവും വൻ വിജയത്തിലേക്ക്. കതാറ മുറ്റത്ത് പ്രത്യേകം തയാറാക്കിയ ഷെൽഫുകളിലാണ് സന്ദർശകരെ കാത്ത് പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്നത്. ഇതിനകം നിരവധി പേരാണ് കതാറയിലെത്തി ആവശ്യമുള്ള പുസ്തകങ്ങൾ സൗജന്യമായി സ്വന്തമാക്കിയത്. അറബി, ഇംഗ്ലീഷ് പുസ്തകങ്ങൾ. കതാറയുടെ ഈ കാമ്പയിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിരവധി പേർ പുസ്തകങ്ങൾ കതാറക്ക് നൽകി. അതേസമയം, നിരവധി ആളുകൾ പുസ്തകങ്ങൾ സ്വന്തമാക്കാനും കതാറയിലെത്തുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രത്യേക പ്രചാരണം കാമ്പയിൻ സംബന്ധിച്ചുള്ള വിവരം ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുന്നതിന് പ്രയോജനപ്പെട്ടെന്ന് പദ്ധതിയുടെ ചുമതലയുള്ള ഖാലിദ് അൽ സായിദ് പറഞ്ഞു.
സമൂഹത്തിൽ വായനാശീലം വ്യാപകമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും തങ്ങൾക്കാവശ്യമില്ലാത്ത പുസ്തകങ്ങൾ സാമൂഹിക ഉപയോഗത്തിനായി വിതരണം ചെയ്യാൻ ആളുകളെ േപ്രരിപ്പിക്കുകയെന്നത് ഇതിെൻറ ഭാഗമാണെന്നും അൽ സായിദ് വ്യക്തമാക്കി. വീടുകളിലും താമസസ്ഥലങ്ങളിലും ഉപയോഗിച്ച പുസ്തകങ്ങൾ സൂക്ഷിക്കുന്നതിന് പ്രയാസങ്ങൾ നേരിടുന്നവർക്കുള്ള സുവർണാവസരമാണിതെന്നും പലരും പുസ്തകങ്ങൾ കുപ്പത്തൊട്ടിയിലേക്ക് വലിച്ചെറിയലാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മാത്രം കാമ്പയിനിലൂടെ 20000 പുസ്തകങ്ങൾ വിതരണം ചെയ്തെന്ന് അൽ സായിദ് പറഞ്ഞു. കതാറയുടെ വിവിധ ഭാഗങ്ങളിലായി ഏഴ് കാബിനറ്റുകളാണ് തയാറാക്കിയിരിക്കുന്നത്. പുസ്തകങ്ങൾ സംഭാവന ചെയ്യുന്നവർക്ക് ബന്ധപ്പെടാൻ 31318620 എന്ന നമ്പറും കതാറ നൽകിയിട്ടുണ്ട്. കതാറയിലെത്തുന്നവർക്ക് കാബിനറ്റുകൾ സന്ദർശിക്കാമെന്നും ആവശ്യമുള്ള പുസ്തകങ്ങൾ എടുക്കാമെന്നും അധികൃതർ അറിയിച്ചു.