പുസ്തക പ്രകാശനവും എഴുത്തുകാർക്ക് ആദരവും: ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മ പിറക്കുന്നു
text_fieldsഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (ഖിയാഫ്) ഉദ്ഘാടനം സംബന്ധിച്ച വാർത്ത സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സംസാരിക്കുന്നു. പ്രസിഡന്റ് ഡോ. സാബു കെ.സി ഉൾപ്പെടെ മറ്റു ഭാരവാഹികൾ സമീപം
ഖത്തര്‍ ഇന്ത്യ ഓതേഴ്‌സ് ഫോറം ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ടിന്
ദോഹ: ഖത്തറിലെ ഇന്ത്യന്‍ ഗ്രന്ഥകര്‍ത്താക്കളുടെ കൂട്ടായ്മയായ ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറം (ഖിയാഫ്) ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച വൈകീട്ട് 6:30ന് തുമാമയിലെ ഐ.ഐ.സി.സി കാഞ്ചാണി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിലെ സാംസ്കാരിക വിഭാഗം മേധാവി മര്‍യം യാസീന്‍ അല്‍-ഹമ്മാദി പരിപാടി ഉദ്ഘാടനം ചെയ്യും. അറബ് ഗ്രന്ഥകാരന്മാരുടെ വേദിയായ ഖത്തരീ ഫോറം ഫോര്‍ ഓതേഴ്‌സ് പ്രസിഡന്റ് ആയിശ അല്‍കുവാരി ഫോറം ലോഞ്ചിങ് പ്രഖ്യാപനം നടത്തും. കള്‍ചറല്‍ ഡിപ്പാര്‍ട്മെന്റിലെ പ്രസാധന വിഭാഗം മേധാവി മുഹമ്മദ് ഹസന്‍ അല്‍കുവാരി, ഖത്തരി ഓതേഴ്‌സ് ഫോറം പ്രോഗ്രാം വിഭാഗം മേധാവി സാലിഹ് ഗുറൈബ്, ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍. ബാബുരാജന്‍, ഐ.സി.ബി.എഫ് പ്രസിഡന്റ് വിനോദ് നായര്‍ എന്നിവര്‍ സംസാരിക്കും. ഖിയാഫ് പ്രസിഡന്റ് ഡോ. കെ.സി. സാബു അധ്യക്ഷത വഹിക്കും.
ഖിയാഫ് അംഗങ്ങള്‍ രചിച്ച ആറ് പുതിയ പുസ്തകങ്ങളും രണ്ട് പുസ്തകങ്ങളുടെ കവര്‍ചിത്രങ്ങളും ചടങ്ങില്‍ പ്രകാശനം ചെയ്യും. ചെറുകാട് അവാര്‍ഡ് നേടിയ ഷീലാ ടോമിയുടെ വല്ലി എന്നനോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം, റഷീദ് കെ. മുഹമ്മദിന്റെ നോവല്‍ ഒറ്റക്കൊരാള്‍, ഷംല ജഅ്ഫറിന്റെ കവിതസമാഹാരമായ 'കടന്നലുകള്‍ പെരുകും വിധം', ഹുസൈന്‍ കടന്നമണ്ണയുടെ യാത്രാവിവരണമായ 'ദേശാന്തരങ്ങളില്‍ കൗതുകത്തോടെ', ഡോ. കെ.സി. സാബുവിന്റെ കേന്ദ്രന്‍ നോവലിന്റെ ഇംഗ്ലീഷ് പതിപ്പും എജുക്കേഷൻ ആൻഡ് മോഡേണിറ്റി തുടങ്ങിയ പുസ്തകങ്ങളും പ്രകാശനം ചെയ്യും.
കാനം ഇ.ജെ. അവാര്‍ഡ് ജേതാവും ഖിയാഫ് പ്രസിഡന്റുമായ ഡോ. കെ.സി. സാബു, ചെറുകാട് അവാര്‍ഡ് ജേതാവും ഖിയാഫ് വൈസ് പ്രസിഡന്റുമായ ഷീല ടോമി, കെ. തായാട്ട് ബാലസാഹിത്യ അവാര്‍ഡ് ജേതാവും ഖിയാഫ് എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗവുമായ മഹ്മൂദ് മാട്ടൂല്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും.
ഖിയാഫിന്റെ മുഴുവന്‍ വിവരങ്ങളും വാര്‍ത്തകളും അംഗങ്ങളുടെ രചനകളും ഫോട്ടോ ഗാലറിയും മറ്റു വിശദാംശങ്ങളുമുള്‍ക്കൊള്ളുന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിങ്ങും ചടങ്ങില്‍ നടക്കും. ഖിയാഫ് സിഗ്‌നേച്ചര്‍ സോങ്ങിന്റെ പ്രകാശനം ചടങ്ങിലെ മറ്റൊരിനമാണ്. ഖിയാഫ് അംഗം റഷീദ് കെ. മുഹമ്മദിന്റെ വരികള്‍ക്ക് സംഗീതജ്ഞന്‍ റഹ്മത്തുല്ല പാവറട്ടി ഈണം നല്‍കിക്കൊണ്ടുള്ളതാണ് സിഗ്‌നേച്ചര്‍ സോങ്.
ഇളംപ്രായത്തില്‍ ഗ്രന്ഥങ്ങളെഴുതി ഗിന്നസ് റെക്കോഡില്‍ ഇടംനേടിയ ഖത്തറിലെ പ്രവാസി എഴുത്തുകാരി ലൈബ അബ്ദുല്‍ബാസിതിനും മറ്റൊരു കൊച്ചു ഗ്രന്ഥകാരനായ ജ്വാക്വിന്‍ സനീഷിനും ഖിയാഫില്‍ അംഗത്വം നല്‍കി ആദരിക്കും. അന്‍വര്‍ ബാബു വടകര, തന്‍സീം കുറ്റ്യാടി, അന്‍സാര്‍ അരിമ്പ്ര, ശ്രീകല, ഷംന അസ്മി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ അരങ്ങേറും.ലോഞ്ചിങ് പരിപാടിയുടെ വിജയത്തിനായി പതിനഞ്ചംഗ ഓര്‍ഗനൈസിങ് കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യക്കാരായ ഗ്രന്ഥകാരന്മാരുടെ പൊതുവേദിയാണ് ഖിയാഫ്. മലയാളി എഴുത്തുകാര്‍ മുൻകൈയെടുത്ത് ഒരു വര്‍ഷം മുമ്പ് രൂപം നല്‍കിയ ഫോറത്തില്‍ നിലവില്‍ എഴുപത്തിയഞ്ചോളം അംഗങ്ങളുണ്ട്. വാര്‍ത്തസമ്മേളനത്തില്‍ ഖിയാഫ് പ്രസിഡന്റ് ഡോ. കെ.സി. സാബു, ജനറല്‍ സെക്രട്ടറി ഹുസൈന്‍ കടന്നമണ്ണ, ട്രഷറര്‍ സലീം നാലകത്ത്, എക്‌സിക്യൂട്ടിവ് അംഗങ്ങളായ അഷ്‌റഫ് മടിയാരി, അന്‍സാര്‍ അരിമ്പ്ര, ഷംന ആസ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

