ബ്ലാക്ക് ഫംഗസിന് കോവിഡുമായി ബന്ധമില്ല
text_fieldsഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി
ദോഹ: കൊറോണ വൈറസുമായി ബ്ലാക്ക് ഫംഗസ് രോഗത്തിന് ബന്ധമില്ലെന്ന് ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. യൂസുഫ് അൽ മസ്ലമാനി. ബ്ലാക്ക് ഫംഗസ് ലോകമൊന്നടങ്കം വ്യാപിച്ച് കിടക്കുന്ന രോഗാവസ്ഥയാണ്. രോഗ പ്രതിരോധശേഷി കുറഞ്ഞവരുമായി ബന്ധപ്പെട്ടാണ് ബ്ലാക്ക് ഫംഗസ് രോഗമുണ്ടാകുന്നതെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു.
ഇന്ത്യയിൽ മാത്രമല്ല, ലോകത്തിെൻറ എല്ലാ ഭാഗങ്ങളിലും ഫംഗസിെൻറ സാന്നിധ്യമുണ്ട്. ചിലപ്പോൾ മണ്ണിലും കൃഷിയിടങ്ങളിലും പഴകിയ ഭക്ഷണങ്ങളിലും ബ്ലാക്ക് ഫംഗസിെൻറ സാന്നിധ്യമുണ്ടാകും. വ്യക്തിയുടെ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടാണ് വൈറസും ഫംഗസും ബാക്ടീരിയയും രോഗം പടർത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് ബ്ലാക്ക് ഫംഗസ് കണ്ടെത്തുന്നത്. ഇതിന് കൊറോണ വൈറസ് ബാധയുമായി ഒരു ബന്ധവുമില്ല. രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട മരുന്ന് കഴിക്കുന്നവരെയും പ്രമേഹ രോഗികളെയുമാണ് ബ്ലാക്ക് ഫംഗസ് കൂടുതലായി ബാധിക്കുന്നത്. ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
കോവിഡ്–19 രോഗമുക്തി നേടിയവരെയും വാക്സിനേഷൻ സ്വീകരിച്ചവരെയും ഒരു പോലെയായിരിക്കും യാത്രാനയത്തിൽ കണക്കാക്കുകയെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു. പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ആറ് വാക്സിനെടുത്ത ജി.സി.സി രാജ്യങ്ങളിൽനിന്നുള്ള പൗരന്മാരെയും താമസക്കാരെയും ഖത്തറിലെ താമസക്കാരെയും പൗരന്മാരെയും പോലെയാണ് യാത്രാനയത്തിൽ പരിഗണിക്കുന്നത്. വാക്സിൻ എടുത്ത് 14 ദിവസം കഴിയണം. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് എന്നിവ ഇവർക്ക് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറിൽ കോവിഡ് ബാധിക്കുകയും കോവിഡ് മുക്തരായി ഒമ്പതു മാസം പിന്നിടുകയും ചെയ്തിട്ടില്ലാത്തവർക്ക് രാജ്യത്തേക്ക് മടങ്ങിയെത്തുമ്പോൾ ഹോട്ടൽ ക്വാറൻറീൻ ആവശ്യമില്ല. അവർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഖത്തറിൽ സിനോഫോം എന്ന ചൈനീസ് വാക്സിന് മാത്രമേ മന്ത്രാലയം അംഗീകാരം നൽകിയിട്ടുള്ളൂ. ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുകയാണെങ്കിൽ വാക്സിന് ഒമ്പത് മാസത്തിലേറെ കൂടുതൽ സമയം കാലാവധി നൽകാൻ സാധിക്കും. ഖത്തറിലെ വാക്സിനുകൾ കൊറോണയുടെ വിവിധ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണ്. ഇതിൽ ഏഷ്യയിൽനിന്നുള്ള വകഭേദങ്ങളും ഉൾപ്പെടുമെന്നും ഡോ. അൽ മസ്ലമാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

