ബിർള പബ്ലിക് സ്കൂൾ കായിക ദിനാഘോഷം
text_fieldsബിർള പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച കായിക ദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾ
ദോഹ: ബിർള പബ്ലിക് സ്കൂൾ 22ാമത് വാർഷിക കായിക ദിനം വിപുലമായ പരിപാടികളോടെ ആവേശകരമായി നടന്നു. ആസ്പയർ ഡോമിൽ നടന്ന പരിപാടിയിൽ കിന്റർഗാർട്ടൻ, പ്രൈമറി വിഭാഗം വിദ്യാർഥികൾ പങ്കെടുത്തു. അറബ് -ഏഷ്യൻ അത് ലറ്റിക് ചാമ്പ്യനും ലോക വെങ്കല മെഡൽ ജേതാവുമായ ഫെമി സ്യൂൻ ഒഗുനോഡ് മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ കായികമേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഡയറക്ടർ ബോർഡ് അംഗം ഗോപി ഷഹാനി, മാനേജ്മെന്റ് പ്രതിനിധി ചിന്ദു ആന്റണി, പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ, വൈസ് പ്രിൻസിപ്പൽ എഡ്ന ഫെർണാണ്ടസ്, വിവിധ വിഭാഗം ഹെഡ്മിസ്ട്രസ്മാർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
സ്കൂളിലെ നാല് ഹൗസുകളായ മാഴ്സ്, ജൂപിറ്റർ, സാറ്റേൺ, നെപ്റ്റ്യൂൺ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ആകർഷകമായ മാർച്ച് പാസ്റ്റോടെയാണ് പരിപാടികൾ തുടങ്ങിയത്. സ്കൂളിന്റെ അഭിമാനം, അച്ചടക്കം, ഐക്യം എന്നിവ പ്രകടമാക്കി വിദ്യാർഥികൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. പ്രൈമറി വിഭാഗത്തിലെ സ്പോർട്സ് ഹൗസ് ക്യാപ്റ്റൻമാരുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു. തുടർന്ന് ഒളിമ്പിക്സ് മാതൃകയിൽ സ്കൂളിലെ മികച്ച കായിക പ്രതിഭകൾ കായിക ദീപശിഖ പ്രയാണം നടത്തി. ഡയറക്ടർ ഗോപ് ഷഹാനി സ്കൂളിലെ യുവ കായിക പ്രതിഭകൾക്ക് ദീപശിഖ കൈമാറി.
വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ ഡ്രില്ലുകൾ, ജിംനാസ്റ്റിക് പ്രകടനങ്ങൾ എന്നിവ കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. കിന്റർഗാർട്ടൻ വിദ്യാർത്ഥികളുടെ വർണാഭമായ ഡ്രില്ലുകളും നോവൽറ്റി റേസുകളും കായിക ദിനത്തിന് മാറ്റുകൂട്ടി. പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ കായിക വിനോദങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികളുടെ കായിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും മാനേജ്മെന്റ് പ്രതിനിധി ചിന്ദു ആന്റണി അഭിനന്ദിച്ചു.
കായിക മത്സരങ്ങളിൽ മികച്ച വിജയം നേടിയവർക്കും ടീമുകൾക്കും മെഡലുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വ്യക്തിഗത ഇനങ്ങളിലെ ചാമ്പ്യന്മാരെയും മാർച്ച് പാസ്റ്റ് വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനന്ദ് നായർ, ഫിസിക്കൽ എജുക്കേഷൻ വിഭാഗം മേധാവി ആൽബർട്ട് ആന്റണിക്ക് സ്കൂൾ പതാക കൈമാറിയതോടെ കായികമേളക്ക് സമാപനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

