ബിലാലിൻെറ ജീവിതം പ്രേക്ഷകരിലേക്ക്
text_fieldsനക്ഷത്രങ്ങൾ കരയാറില്ല’ ഡോക്യു ഡ്രാമയുടെ അണിയറ പ്രവർത്തകർ വാർത്താസമ്മേളനത്തിൽ
ദോഹ: ഒമ്പതു വർഷം മുമ്പ് ഖത്തറിലെ പ്രവാസ സമൂഹത്തിൽ കാഴ്ചയുടെ പുതുവിപ്ലവം കുറിച്ച 'നക്ഷത്രങ്ങൾ കരയാറില്ല' ഡോക്യു ഡ്രാമയുടെ ഓൺലൈൻ പുനരാവിഷ്കാരത്തിനുള്ള ഒരുക്കമെല്ലാം പൂർത്തിയായതായി സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തനിമ ഖത്തറും യൂത്ത് ഫോറം ഖത്തറും സംയുക്തമായി അവതരിപ്പിക്കുന്ന ഡോക്യു ഡ്രാമ ജൂലൈ 21 വൈകീട്ട് ഏഴിന് ഫേസ്ബുക്ക്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം സംപ്രേഷണം ചെയ്യും.
ഉസ്മാൻ മാരാത്ത് രചനയും രംഗഭാഷ്യവുമൊരുക്കിയ 'നക്ഷത്രങ്ങൾ കരയാറില്ല' 2012 മേയ് മാസത്തിലാണ് ആദ്യമായി അരങ്ങിലെത്തിയത്. ബിലാൽ ഇബ്നു റവാഹിൻെറ ജീവിതം പറയുന്ന ഡോക്യു-ഡ്രാമ ഖത്തറിലും കേരളത്തിലും ഒാരോ വേദികളിലായി അവതരിപ്പിച്ചപ്പോൾ വൻ സ്വീകാര്യത ലഭിച്ചു. ദുബൈ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നും ക്ഷണമുണ്ടായെങ്കിലും അരങ്ങിലെത്തിക്കാനുള്ള െചലവും അധ്വാനവും കൂടുതൽ വേദികളിലേക്കുള്ള യാത്ര മുടക്കി. അതിനൊരു പോംവഴിയെന്നനിലയിലാണ് ഇപ്പോൾ പുതിയ കാലത്തിൻെറ മാധ്യമമായ സോഷ്യൽ മീഡിയയിലേക്ക് കൂടുമാറുന്നത്.
മൂന്നു വേദികളിലായി അറേബ്യൻ പാരമ്പര്യത്തിൻെറയും അടിമത്തത്തിനെതിരായ അതിജീവനത്തിൻെറയും രംഗങ്ങൾ പകർത്തിയ ഡോക്യു ഡ്രാമയിൽ ദോഹയിലെ പ്രവാസി മലയാളികളായ അമ്പതിലധികം കലാകാരന്മാരാണ് അഭിനയിച്ചത്. കൂടാതെ, നാടക സംഗീത സിനിമ പ്രവർത്തകരും അവതരണത്തിന് മിഴിവേകുന്നതിൽ കൈകോർത്തു. ഒമ്പതു വർഷം മുമ്പത്തെ രംഗദൃശ്യങ്ങളോടൊപ്പം പുതിയരംഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് സ്ക്രീനിലെത്തുന്നതെന്ന് ഡയറക്ടർ ഉസ്മാൻ മാരാത്ത് പറഞ്ഞു. ഇസ്ലാമിക ചരിത്രങ്ങളുടെയും മാനവികതയുടെ സന്ദേശവും പുതിയ തലമുറയിലെത്തിക്കാനുള്ള വഴികൂടിയാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
റേഡിയോ എഫ്.എം 98.6 മീഡിയ പാർട്ണർ ആവുന്ന പരിപാടി സിറ്റി എക്സ്ചേഞ്ച്, ഓട്ടോ ഫാസ്റ്റ് ട്രാക്ക്, ബ്രാഡ്മാ ഗ്രൂപ്, അയാം സർവിസസ്, സ്കെച് അഡ്വവർടൈസ്മെൻറ് എന്നിവർ ചേർന്നാണ് സ്പോൺസർ ചെയ്യുന്നത്. യൂത്ത് ഫോറം പ്രസിഡൻറ് എസ്. എസ്. മുസ്തഫ, തനിമ ഖത്തർ സെക്രട്ടറി യൂസുഫ് പുലാപ്പറ്റ, റേഡിയോ എഫ്.എം 98.6 സി.ഇ.ഒ അൻവർ ഹുസൈൻ, യൂത്ത് ഫോറം കലാ സാംസ്കാരിക വിഭാഗം കൺവീനർ ഡോ. സൽമാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

